തിരുവനന്തപുരം: ദുരന്തങ്ങളെ നേരിടാനും അവയുടെ ആഘാതങ്ങൾ കുറയ്ക്കാനുമായി സമഗ്ര ഇടപെടലുകളാണ് സംസ്ഥാനം നടത്തുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കാലാവസ്ഥാ വ്യതിയാനത്തെയും അതുണ്ടാക്കുന്ന പ്രതിസന്ധികളേയും നേരിടാൻ കേരള സമൂഹം ഒറ്റക്കെട്ടായി നിലകൊള്ളുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അടിയന്തര സാഹചര്യങ്ങളിൽ തീരവാസികൾക്ക് താത്കാലിക താമസസൗകര്യമൊരുക്കുക എന്ന ലക്ഷ്യത്തോടെ തിരുവനന്തപുരം മുട്ടത്തറയിലും ആലപ്പുഴ കുമാരപുരത്തും നിർമിച്ച സൈക്ലോൺ ഷെൽട്ടറുകൾ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
Read Also: സ്വവര്‍ഗ വിവാഹം നിയമപരമാക്കരുത്: എതിർപ്പുമായി ശബരിമല ആചാര സംരക്ഷണ സമിതി സുപ്രീംകോടതിയില്‍
പ്രളയമടക്കമുള്ള പ്രകൃതിദുരന്തങ്ങൾ, മഹാമാരികൾ തുടങ്ങിയവയെല്ലാം ഒരുമയോടെ അതിജീവിക്കാൻ കരുത്തുള്ളവരാണ് മലയാളികളെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഒറ്റക്കെട്ടായി പൊരുതുകയെന്നതാണ് കാലാവസ്ഥാ വ്യതിയാനം മൂലം ലോകമാകെയുണ്ടാകുന്ന പ്രതിസന്ധിയെ നേരിടുന്നതിൽ പ്രധാനം. കാലാവസ്ഥാ വ്യതിയാനത്തെ എങ്ങനെ നേരിടാമെന്നതിനെക്കുറിച്ച് ആലോചിക്കാൻ ലോകമെമ്പാടും ചേരുന്ന ഉച്ചകോടികളിൽ ഇത്തരമൊരു ഐക്യം രൂപപ്പെടുന്നില്ല. അതിവികസിത രാജ്യങ്ങളെന്നു കരുതുന്ന രാഷ്ട്രങ്ങളിൽ ചിലത് സ്വന്തം താത്പര്യങ്ങളുടെ അടിസ്ഥാനത്തിലുള്ള ഇടപെടലിനാണ് പ്രാധാന്യം നൽകുന്നത്. നമുക്ക് അത്തരമൊരു നിലപാട് എടുക്കാൻ കഴിയില്ല. നാടിനെയും പ്രകൃതിയേയും സംരക്ഷിച്ച് ഭാവി തലമുറയ്ക്കു കൈമാറാനുള്ള ഉത്തരവാദിത്തമാണ് ജനകീയ സർക്കാരിനുള്ളത്. അതനുസരിച്ചുള്ള ഇടപെടലുകളാണു കേരളം നടത്തുന്നത്. ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കൽ, പ്രകൃതിസൗഹൃദ ഗതാഗത സൗകര്യങ്ങൾ വർധിപ്പിക്കൽ, ഹൈഡ്രജൻ ഇന്ധന ഉപയോഗം വർധിപ്പിക്കൽ, പുനരുപയോഗസാധ്യതയുള്ള ഊർജ സ്രോതസുകൾ പ്രോത്സാഹിപ്പിക്കൽ തുടങ്ങിയവയിലൂടെ ഇതിനു തയാറെടുപ്പു നടത്തുകയാണ്. ദുരന്തനിവാരണത്തിന്റെ ഭാഗമായി സൈക്ലോൺ ഷെൽട്ടറുകൾ സ്ഥാപിക്കുന്ന പദ്ധതിയും ഇതിന്റെ ഭാഗമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മലയോരത്തും തീരദേശത്തുമെല്ലാം ധാരാളം ജനങ്ങൾ താമസിക്കുന്ന സംസ്ഥാനമാണ് കേരളം. പ്രകൃതി ദുരന്തങ്ങൾ കൂടുതലായി ബാധിക്കുന്ന പ്രദേശമാണിത്. ഇതു മുൻനിർത്തി ഇത്തരം മേഖലകളിലെ മനുഷ്യരുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിനു മുൻതൂക്കം നൽകിക്കൊണ്ടുള്ള നടപടിയാണ് സർക്കാർ സ്വീകരിക്കുന്നത്. ചെല്ലാനത്ത് നടപ്പാക്കിയ 344 കോടിയുടെ തീരസംരക്ഷണ പദ്ധതി പ്രദേശത്തു വലിയ മാറ്റം കൊണ്ടുവന്നു. പദ്ധതിയുടെ 95 ശതമാനത്തോളം ഇതുവരെ പൂർത്തിയാക്കി. കൊല്ലംകോട് തീരസംരക്ഷണത്തിന് 51 കോടിയുടെ ഭരണാനുമതിയായി. തീരശോഷണം രൂക്ഷമായ ആലപ്പുഴ ഒറ്റമശേരിയിൽ പുലിമുട്ട് നിർമാണം പുരോഗമിക്കുന്നു. തിരുവനന്തപുരം മുതലപ്പൊഴി, കൊല്ലം താന്നി, ആലപ്പുഴ കായംകുളം, തോട്ടപ്പള്ളി, തൃശൂർ ചേറ്റുവ, കണ്ണൂർ തലായി, കാസർഗോഡ് മഞ്ചേശ്വരം എന്നിവിടങ്ങളിൽ 90 കോടി രൂപയുടെ തീരസംരക്ഷണ പ്രവർത്തനങ്ങൾക്കാണ് അനുമതി നൽകിയത്. കണ്ണൂർ, കാസർഗോഡ് തുടങ്ങിയവിടങ്ങളിലെ പ്രവർത്തനം പൂർത്തിയാക്കി. തിരുവനന്തപുരത്ത് പൂന്തുറ മുതൽ വലിയ തുറവരെ തീരസംരക്ഷണത്തിനായി 150 കോടിയുടെ പദ്ധതിക്ക് അംഗീകാരം നൽകി. പൂന്തുറയിൽ ഓഫ്ഷോർ ബ്രേക് വാട്ടർ നിർമിക്കുന്ന പദ്ധതിക്കും നല്ല പുരോഗതി കൈവരിക്കാനായെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
Post Your Comments