കൊച്ചി: വന്ദേഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ടുളള ഹർജി തളളി ഹൈക്കോടതി. ഓരോരുത്തരുടേയും താത്പര്യത്തിന് അനുസരിച്ച് സ്റ്റോപ് അനുവദിക്കാൻ നിന്നാൽ എക്സ്പ്രസ് ട്രെയിൻ എന്ന സങ്കൽപം ഇല്ലാതാകും. ഇക്കാര്യത്തിൽ റെയിൽവേയാണ് തീരുമാനമെടുക്കേണ്ടത്. ഹർജിയിൽ ഇടപെടാനാകില്ലെന്നും കോടതി വ്യക്തമാക്കി.
മലപ്പുറം സ്വദേശിയാണ് തിരൂരിൽ സ്റ്റോപ് അനുവദിക്കണമെന്നാവശ്യപ്പെട്ട് ഹർജി സമർപ്പിച്ചത്. അതേസമയം വന്ദേഭാരത് ട്രെയിനിന് നേരെ തിരൂരിൽ വെച്ച് കല്ലേറുണ്ടായതിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. തിരൂരിനും തിരുനാവായക്കും ഇടയില്‍വെച്ചാണ് കല്ലേറുണ്ടായത്. കാസര്‍ഗോഡ്-തിരുന്നാവായ സര്‍വ്വീസിനിടെ തിരൂര്‍ സ്റ്റേഷന്‍ പിന്നിട്ടതിന് ശേഷമായിരുന്നു സംഭവം. കല്ലേറിൽ സി 4 കോച്ചിന്റെ ചില്ല് തകർന്നു. ആർപിഎഫ് കേസ് രജിസ്റ്റര്‍ ചെയ്തുവെന്നും ലോക്കല്‍ പൊലീസിന് വിവരം കെെമാറിയെന്നും റെയില്‍വേ അറിയിച്ചിരുന്നു.
വന്ദേഭാരത് ട്രെയിനിന്റെ ആദ്യ യാത്രക്കിടെ ട്രെയിനിൽ വി കെ ശ്രീകണ്ഠൻ എംപിയുടെ പോസ്റ്റർ പതിച്ച കേസില്‍ അഞ്ച് പേരെ അറസ്റ്റ് ചെയ്ത് വിട്ടയച്ചു. അട്ടപ്പാടി പുതൂര്‍ പഞ്ചായത്തംഗവും പുതൂര്‍ മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റുമായ ആനക്കല്‍ സെന്തില്‍ കുമാര്‍ (31), കള്ളമല പെരുമ്പുള്ളി പി എം ഹനീഫ (44), നടുവട്ടം അഴകന്‍കണ്ടത്തില്‍ മുഹമ്മദ് സഫല്‍ (19), കീഴായൂര്‍ പുല്ലാടന്‍ മുഹമ്മദ് ഹാഷിദ് (19), കൂട്ടാല മുട്ടിച്ചിറ എം കിഷോര്‍കുമാര്‍ (34) എന്നിവരാണ് അറസ്റ്റിലായത്.
Post Your Comments