ഇടുക്കിയിലെ വിവിധ മേഖലകളിൽ നാശം വിതച്ച അരിക്കൊമ്പൻ തമിഴ്നാട് അതിർത്തിയിലെ വനമേഖലയിലേക്ക് നീങ്ങി. മയക്കുവെടി വെച്ചതിനുശേഷമാണ് വനംവകുപ്പിന്റെ നേതൃത്വത്തിൽ അരിക്കൊമ്പനെ പിടികൂടിയത്. പെരിയാർ കടുവാ സങ്കേതത്തിന് സമീപമാണ് അരിക്കൊമ്പനെ തുറന്നുവെട്ടതെങ്കിലും, ഇപ്പോൾ അരിക്കൊമ്പൻ പ്രദേശത്തു നിന്നും 7 കിലോമീറ്റർ അകലെയാണ് ഉള്ളത്.
ശനിയാഴ്ച അർദ്ധ രാത്രിയോടെയാണ് അരിക്കൊമ്പനെ കുമളിയിൽ എത്തിച്ചത്. പിന്നീട് തിങ്കളാഴ്ച പുലർച്ചെ 5.30 ഓടെ വനത്തിലേക്ക് തുറന്നുവിടുകയായിരുന്നു. നിലവിൽ, അരിക്കൊമ്പന്റെ ദേഹത്ത് ഘടിപ്പിച്ചിരിക്കുന്ന ജിപിഎസ് കോളറിൽ നിന്നുള്ള സിഗ്നലുകൾ വനംവകുപ്പ് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.
അരിക്കൊമ്പന്റെ തുമ്പിക്കൈയിലെ മുറിവുകൾ ഭേദപ്പെടുത്താനുള്ള മരുന്നുകൾ അധികൃതർ നൽകിയിട്ടുണ്ട്. നിസാര പരിക്കുകൾ ഒഴിച്ചുനിർത്തിയാൽ ആനയ്ക്ക് കാര്യമായ ആരോഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്ന് വനംവകുപ്പ് വ്യക്തമാക്കി. അതേസമയം, അരിക്കൊമ്പൻ സാധാരണ ജീവിതത്തിലേക്ക് മടങ്ങി എത്തുന്നതുവരെ നിരീക്ഷണം തുടരും. അരിക്കൊമ്പൻ വനമേഖലയുടെ ഉൾഭാഗത്ത് ആയതിനാൽ, ജനവാസ മേഖലയിലേക്ക് കടക്കില്ലെന്ന് വനംവകുപ്പ് അറിയിച്ചിട്ടുണ്ട്.
Post Your Comments