
കൊച്ചി: ദി കേരള സ്റ്റോറി എന്ന ചിത്രത്തിന്റെ ട്രെയിലർ ആണ് കേരളത്തിലെ ചർച്ചാ വിഷയം. ഇടത്-വലത് നേതാക്കൾ ഒറ്റക്കെട്ടായി ഈ സിനിമയ്‌ക്കെതിരെ രംഗത്തുണ്ട്. സിനിമയുടെ പ്രദർശനാനുമതി തടയണമെന്നാണ് നേതാക്കളുടെ ആവശ്യം. സിനിമ ആരോപിക്കുന്നത് പോലെ കേരളത്തിൽ മതം മാറ്റി ഐ.എസിൽ ചേർത്തുവെന്ന് പറയപ്പെടുന്ന 32000 സ്ത്രീകളിൽ ഒരു 32 പേരുടെയെങ്കിലും പേരുവിവരങ്ങൾ പരസ്യപ്പെടുത്തുന്നവർക്ക് ലക്ഷങ്ങൾ വാഗ്ദാനം ചെയ്ത് ഷുക്കൂർ വക്കീൽ, മുസ്ലിം യൂത്ത് ലീഗ് ഒക്കെ രംഗത്ത് വന്നിരുന്നു.
ഇതിനിടെ വിവാദങ്ങളോട് പ്രതികരിച്ച് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ രംഗത്ത് വന്നിരുന്നു. കേരള സ്റ്റോറി ലക്ഷ്യമിടുന്നത് മുസ്ലീങ്ങളെയല്ലെന്നും തീവ്രവാദികളെയാണെന്നും, സംസ്ഥാനത്തിനെതിരെ ഒന്നും സിനിമയിലില്ലെന്നും ചിത്രത്തിന്റെ സംവിധായകനും നിര്‍മ്മാതാവും വ്യക്തമാക്കിയിരുന്നു. വിവാദങ്ങൾക്ക് പിന്നാലെ, ഇത് തങ്ങളുടെ കേരളത്തിന്റെ കഥയല്ലെന്ന് രാഹുൽ മാങ്കൂട്ടത്തിലും ശശി തരൂരും അടക്കമുള്ളവർ ചൂണ്ടിക്കാട്ടിയിരുന്നു. യഥാർത്ഥ കേരള സ്റ്റോറി എന്ന തലക്കെട്ടോടെ എടപ്പാൾ ഓട്ടത്തിന്റെ ഫോട്ടോ മന്ത്രി വി ശിവൻകുട്ടിയും പങ്കുവെച്ചിരുന്നു. ട്രോൾ രൂപത്തിലും അല്ലാതെയും നേതാക്കൾ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി കൊണ്ടിരിക്കുകയാണ്.
Also Read:എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ കുറയ്ക്കാൻ ചെറിയുള്ളി
ഇതിന്റെയെല്ലാം പശ്ചാത്തലത്തിൽ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത് ബിബിത്ത് കോഴിക്കാലത്തിൽ എന്ന യുവാവിന്റെ നിരീക്ഷണമാണ്. ‘ഇതാണ് കേരളാ സ്റ്റോറി, ഹോമോ സാപ്പിയൻസ് സാപ്പിയൻസ്’ എന്ന തലക്കെട്ടോട് കൂടി ബിബിത്ത് പങ്കുവെച്ച പോസ്റ്റിൽ നിരവധി ആളുകളുടെ വിവാഹ ഫോട്ടോയാണുള്ളത്. റിമ കല്ലിങ്കൽ മുതൽ മന്ത്രി മുഹമ്മദ് റിയാസ് വരെ ഇതിൽ ഉൾപ്പെടുന്നു. ജാതി-മത വേർതിരിവില്ലാതെ വിവാഹം കഴിച്ചവരുടെ ചിത്രങ്ങൾ വൈറലാവുകയാണ്. നടിയും ആക്ടിവിസ്റ്റുമായ ലാലി പി.എം ഈ പോസ്റ്റ് തന്റെ ഫേസ്‌ബുക്കിൽ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്.
മതത്തിന്റെ വേലിക്കെട്ടുകൾ പൊട്ടിച്ചെറിഞ്ഞുകൊണ്ട് വിവാഹിതരായ മൻസിയയുടെയും ഭർത്താവ് ശ്യാമിന്റെയും ചിത്രങ്ങൾ ഈ ലിസ്റ്റിലുണ്ട്. സ്വവർഗ പ്രണയത്തിന്റെ പേരിൽ വാർത്തകളിൽ നിറഞ്ഞുനിന്ന ആദിലയും നൂറയും ഇല്ലാതെ ഈ ലിസ്റ്റ് പൂർണമാകില്ല. ആഷിഖ് അബു-റിമ കല്ലിങ്കൽ, എ.എ റഹീം-അമൃത, മുഹമ്മദ് റിയാസ്-വീണ വിജയൻ ഇങ്ങനെ പോകുന്നു ബിബിത്ത് പങ്കുവെച്ച ‘ഹോമോ സാപ്പിയൻസ് സാപ്പിയൻസ്’ പോസ്റ്റിലെ ചിത്രങ്ങൾ.
Post Your Comments