കൊച്ചി: കൊച്ചിയിൽ വിദേശ ഐടി കമ്പനിയിലെ സോഫ്റ്റ് വെയർ എഞ്ചിനിയറായ ഐടി വിദഗ്ധൻ ലഹരിമരുന്നുമായി പിടിയിൽ. കൊച്ചി ഇടപ്പള്ളി സൗത്ത് വെണ്ണല സ്വദേശി ഗോഗുൽ രാജ് ആണ് എറണാകുളം എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണറുടെ സ്‌പെഷ്യൽ ആക്ഷൻ ടീമിന്റെ പിടിയിലായത്. ഇയാളുടെ പക്കൽ നിന്ന് ചെറിയ 8 സ്വീപ് ലോക്ക് കവറുകളിലായി 6.82 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
പരിചയത്തിലുള്ള ഐടി പ്രൊഫെഷണലുകളുടെ സഹായത്തോടെ ഇയാൾ ബംഗളൂരുവിൽ നിന്ന് എംഡിഎംഎ കടത്തിക്കൊണ്ട് വരുകയും ഇത് സഹപ്രവർത്തകരായ സുഹൃത്തുക്കൾക്ക് വിറ്റഴിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം എൻഫോഴ്‌സ്‌മെന്റ് അസിസ്റ്റന്റ് കമ്മീഷണർ ബി ടെനിമോന്റെ മേൽനോട്ടത്തിലുള്ള സംഘമാണ് ഇയാളെ നിരീക്ഷിച്ച് പിടികൂടിയത്.
വെണ്ണല – ജനത റോഡിൽ അർദ്ധരാത്രിയോടെ മയക്കുമരുന്ന് കൈമാറുവാൻ നിൽക്കുകയായിരുന്ന ഇയാളെ എക്‌സൈസ് സംഘം കൈയ്യോടെ പിടികൂടുകയായിരുന്നു. മയക്കുമരുന്ന് പാക്കറ്റുകൾ അടുത്തുള്ള ഓടയിലേക്ക് വലിച്ചെറിയാൻ പ്രതി ശ്രമിച്ചുവെങ്കിലും വിജയിച്ചില്ല. എറണാകുളം റേഞ്ച് ഇൻസ്‌പെക്ടർ എം എസ് ഹനീഫ, ഇന്റലിജൻസ് പ്രിവന്റീവ് ഓഫീസർ എൻ ജി അജിത്ത് കുമാർ, പ്രിവന്റീവ് ഓഫീസർ കെ ജയലാൽ, സുനിൽ കെ ആർ, സിറ്റി മെട്രോ ഷാഡോയിലെ സിഇഒ എൻ ഡി ടോമി, ടൗൺ റേഞ്ച് സിഇഒ ടി അഭിലാഷ് എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ പിടികൂടിയത്. ഇയാളെ പിന്നീട് റിമാൻഡ് ചെയ്തു.
Post Your Comments