കൊല്ലം: ഓയുരിൽ ഭർത്താവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ. ഭാര്യയുമായുള്ള കുടുംബപ്രശ്നങ്ങൾ മൂലം ഭർത്താവിനെ കഴിഞ്ഞ ദിവസം കൊട്ടാരക്കര പൊലീസ് കസ്റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് ജാമ്യത്തിൽ വിട്ട യുവാവ് വീട്ടിലെത്തി മുറിക്കുള്ളിൽ തുങ്ങി മരിക്കുകയായിരുന്നു. പൂയപ്പള്ളി നെല്ലിപ്പറമ്പ് അജി ഭവനിൽ ഗോപാലകൃഷ്ണപിള്ളയുടെ മകൻ അജികുമാർ (37) ആണ് മരിച്ചത്.
അജികുമാറിനെ കുടുംബപ്രശ്നത്തിൻ്റെ പേരിൽ പൊലീസ് കസ്റ്റഡിയിലെടുത്ത് മർദ്ദിച്ചവെന്ന് കാട്ടി അച്ഛൻ ഗോപാലകൃഷ്ണപിള്ള പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. വെള്ളിയാഴ്ച പുലർച്ചെയാണ് അജികുമാറിനെ തുങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കൊട്ടാരക്കര സർക്കിൾ ഇൻസ്പെക്ടറും നഗരസഭാ മുൻ ചെയർമാൻ ഷാജുവും മർദിച്ചതിലുള്ള മനോവിഷമമാണ് മകൻ ആത്മഹത്യ ചെയ്യാൻ കാരണമെന്നു കാട്ടി അജിയുടെ അച്ഛൻ കൊല്ലം റൂറൽ എസ്︋പിക്കാണ് പരാതി നൽകിയിരിക്കുന്നത്.
ടാപ്പിംഗ് തൊഴിലാളിയാണ് അജി. അജിയുടെ ഭാര്യ ശാലിനി മൂന്നുവർഷമായി കൊട്ടാരക്കര ചന്തമുക്കിലുള്ള ലക്ഷ്മി ബ്യൂട്ടി പാർലറിൽ ജോലിനോക്കിവരികയാണെന്നാണ് വിവരം. ഇതിനിടെ പാർലർ ഉടമ ശാലിനിയെ ഗൾഫിലേക്ക് അയയ്ക്കാൻ ശ്രമിച്ചിരുന്നു എന്നുള്ള വിവരങ്ങളും പുറത്തു വരുന്നുണ്ട്. എന്നാൽ ശാലിനിയുടെ ഗൾഫ് യാത്രയ്ക്ക് അജി എതിരായിരുന്നു. ഇതേത്തുടർന്ന് കുടുംബവഴക്ക് രൂക്ഷമായെന്നാണ് ബന്ധുക്കൾ പറയുന്നത്. കഴിഞ്ഞ ബുധനാഴ്ച ഇതേച്ചൊല്ലി അജിയുടെ വീട്ടിൽ വഴക്കു നടന്നു. തുടർന്ന് ശാലിനിയെ അജി ജോലിക്ക് വിട്ടിരുന്നില്ല.
ശാലിനിയെ കാണാത്തതിനാൽ ബ്യൂട്ടി പാർലർ ഉടമ അജിയെ ഫോണിൽവിളിച്ച് കാര്യം തിരക്കി. ഇതേത്തുടർന്ന് അജിയുമായി ബ്യൂട്ടിപാർലർ ഉടമ വാക്കേറ്റമുണ്ടായെന്ന് അജിയുടെ ബന്ധുക്കൾ പറയുന്നു. അതേസമയം ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അജിയുടെ വീട്ടിൽ പിങ്ക് പോലീസുകാർ എത്തുകയായിരുന്നു. തുടർന്ന് അവർ ശാലിനിയെയും മക്കളെയും ബ്യൂട്ടി പാർലറിൽ എത്തിക്കുകയും ചെയ്തു. വ്യാഴാഴ്ച വൈകീട്ട് അജി ബ്യൂട്ടി പാർലറിൽ എത്തിയിരുന്നു.
എന്നാൽ ,അജിയെ മക്കളെയും ഭാര്യയെയും കാണിക്കാൻ പാർലർ ഉടമ തയ്യാറായില്ലെന്നും അജിയുടെ ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ബ്യൂട്ടിപാർലറിൽ നിന്ന് അജിയെ ഇറക്കിവിടുകയായിരുന്നു. വീട്ടിലേക്ക് മടങ്ങിപ്പോകാൻ നിൽക്കവേ കൊട്ടാരക്കര നഗരസഭാ മുൻ ചെയർമാൻ ഷാജു ഇയാളെ മർദിക്കുകയും അജിയെ സ്റ്റേഷനിൽ എത്തിക്കുകയുമായിരുന്നു. സ്റ്റേഷനിൽവെച്ച് ഭാര്യയുടെ മുന്നിലിട്ട് സിഐ ഉൾപ്പെടെയുള്ള പൊലീസുകാർ മർദിച്ചതായും അജിയുടെ അച്ഛൻ്റെ പരാതിയിൽ പറയുന്നു.
പൊലീസ് തന്നോട് ചെയ്തതെല്ലാം അജി അച്ഛനോട് പറഞ്ഞിരുന്നു എന്നാണ് പരാതിയിൽ ചൂണ്ടിക്കാണിക്കുന്നത്. തുടർന്ന് വളരെ വൈകി ഉറങ്ങാൻ കിടന്ന അജിയെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തുകയായിരുന്നു. അജി ആത്മഹത്യ ചെയ്ത സംഭവത്തിൽ പൂയപ്പള്ളി പോലീസ് തുടർ നടപടികൾ സ്വീകരിച്ചു. റൂറൽ എസ്︋പിക്ക് ലഭിച്ച പരാതിയിലും അന്വേഷണമുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
Post Your Comments