തിരുവനന്തപുരം: ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുമായി ബന്ധപ്പെട്ട് വിവാദവും പ്രതിഷേധവും ആളിക്കത്തുന്നതിനിടെ ‘എടപ്പാൾ ഓട്ടം’ ഓർമിപ്പിച്ച് മന്ത്രി വി ശിവൻകുട്ടി. യഥാർത്ഥ കേരള സ്റ്റോറി എന്ന ടൈറ്റിലിൽ, എടപ്പാളിലെ ഓട്ടത്തിന്‍റെ ഒരു ചിത്രം പങ്കുവച്ചാണ് ശിവൻകുട്ടി രംഗത്തെത്തിയത്. ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾക്കിടെ 2019 ല്‍ ആയിരുന്നു എടപ്പാൾ ഓട്ടം ശ്രദ്ധേയമായത്. ശബരിമല കര്‍മസമിതി നടത്തിയ ഹര്‍ത്താലിനിടെ നാട്ടുകാർ തുരത്തിയപ്പോൾ ഒരു പ്രവർത്തകൻ തിരിഞ്ഞ് ഓടുന്നത് വൈറലായിരുന്നു. ഇതിന്റെ ഫോട്ടോയാണ് ശിവൻകുട്ടി തന്റെ ഫേസ്‌ബുക്കിൽ പങ്കുവെച്ചത്.
അതേസമയം ‘ദി കേരള സ്റ്റോറി’ എന്ന സിനിമയുമായി ബന്ധപ്പെട്ട വിവാദത്തിൽ ആർ.എസ്.എസിനും ബി.ജെ.പിക്കുമെതിരെ രൂക്ഷ വിമർശനവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി ഇന്ന് രംഗത്തെത്തിയിരുന്നു. ആർ.എസ്.എസും ബി.ജെ.പിയും ഈ സിനിമ വർഗീയ പ്രചാരണത്തിന് ഉപയോഗിക്കുന്നുവെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്. ചിത്രത്തിൽ പറയുന്നതുപോലെ കേരളത്തിലെ ആയിരക്കണക്കിന് സ്ത്രീകളെ ഇതുപോലെ കടത്തിക്കൊണ്ടു പോകാൻ സാധിക്കില്ലെന്നും തെറ്റായ പ്രചാര വേലയാണിതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേരള സമൂഹത്തെ അപമാനപ്പെടുത്തുന്ന മതസൗഹാർദ്ദത്വ തകർക്കാൻ ശ്രമിക്കുന്ന അതീവ ഗൗരവമുള്ള വിഷയമാണെന്നും എം വി ഗോവിന്ദൻ പറഞ്ഞു.
ഗോവിന്ദനെ കൂടാതെ, മറ്റ് ഇടത് നേതാക്കളും ചിത്രത്തെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. എം.എ ബേബി, മുഹമ്മദ് റിയാസ്, എ എ റഹീം തുടങ്ങിയവർ സിനിമയ്‌ക്കെതിരെയും, സിനിമയുടെ അണിയറയിൽ നടക്കുന്ന രാഷ്ട്രീയ ഇടപെടലുകളെയും ചൂണ്ടിക്കാട്ടി രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നേതാക്കളും തങ്ങളുടെ നിലപാട് അറിയിച്ചിരുന്നു.
Post Your Comments