![](/wp-content/uploads/2022/03/drown.jpg)
കട്ടപ്പന: കുളിക്കുന്നതിനിടെ പെരിയാർനദിയുടെ അയ്യപ്പൻകോവിൽ തോണിത്തടിയിൽ മുങ്ങി രണ്ട് വിദ്യാർത്ഥികൾ മരിച്ചു. ഇടുക്കി ചപ്പാത്ത് പച്ചക്കാട് നടുപ്പറമ്പിൽ ബിജുവിന്റെ മകൻ ബിബിൻ (17), റാന്നി മടത്തുംമൂഴി പൂത്തുറയിൽ സുനിലിന്റെ മകൻ നിഖിൽ (17) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച ഉച്ചക്ക് 12-ഓടെ പെരിയാർ നദിയിൽ തോണിത്തടി പമ്പ് ഹൗസിനു സമീപം ആശാൻകയത്തിൽ ആയിരുന്നു അപകടം നടന്നത്. ഉപ്പുതറ ഗവ. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ബിബിന്റെ പിതാവ് ബിജുവിന് ഭക്ഷണവുമായി ആശുപത്രിയിൽ പോയ ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ തോന്നിത്തടിയിൽ ബസിറങ്ങി പെരിയാർ നദിയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും.
Read Also : ജോലി കഴിഞ്ഞ് ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങവേ കാറിടിച്ച് നഴ്സിന് ദാരുണാന്ത്യം
അയ്യപ്പൻകോവിൽ-തോണിത്തടി റോഡിലൂടെ നടന്നുപോയ ഒരു യാത്രക്കാരൻ കയത്തിൽ നാലു കൈകൾ മുങ്ങിപ്പൊങ്ങുന്നത് കണ്ട് ബഹളം വെക്കുകയായിരുന്നു. നാട്ടുകാർ കയത്തിൽ നിന്ന് രണ്ടുപേരെയും പുറത്തെടുത്ത് മാട്ടുക്കട്ടയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ബിബിൻ മുരിക്കാട്ടുകുടി ഗവ. ഹയർ സെക്കൻഡറി സ്കൂളിലും നിഖിൽ മേരികുളം സെന്റ് മേരീസ് ഹയർ സെക്കൻഡറി സ്കൂളിലും പ്ലസ് ടു പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നതിനിടെയാണ് അപകടം. ബിബിന്റെ സംസ്കാരം ഞായറാഴ്ച ഒന്നിന് ചപ്പാത്ത് ഷാരോൺ ഫെലോഷിപ് പള്ളി സെമിത്തേരിയിൽ നടന്നു.
പൂക്കുളത്ത് അംഗൻവാടിയിലെ വർക്കറായ ബിന്ദുവാണ് ബിബിന്റെ മാതാവ്. സഹോദരൻ: മിഥുൻ. നിഖിലിന്റെ മൃതദേഹം പീരുമേട് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മാതാവ്: റെനി. സഹോദരങ്ങൾ: നിതിൻ, നിബിൻ.
Post Your Comments