കോഴിക്കോട്: കേരളം സ്ത്രീകൾക്ക് താമസിക്കാൻ സുരക്ഷിതമായ സ്ഥലമല്ലെന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. കേരളത്തിൽ തുടരാൻ തന്നെ പ്രേരിപ്പിക്കുന്നതായ ഘടകങ്ങൾ ഒന്നുമില്ലെന്ന് വെളിപ്പെടുത്തി ബിന്ദു അമ്മിണി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ, തനിക്കെതിരെ നടക്കുന്ന വ്യാജ പ്രചാരണങ്ങളിൽ പ്രതികരിക്കുകയാണ് ബിന്ദു. തന്റേതെന്ന പേരിൽ ഇപ്പോഴും പ്രചരിക്കുന്ന വ്യാജ വീഡിയോ കണ്ടശേഷം, കൂടുതൽ വീഡിയോ ഉണ്ടോ എന്ന് ചോദിച്ച് തന്നെ വിളിച്ച് ശല്യം ചെയ്ത ആളെക്കുറിച്ചാണ് ബിന്ദു തന്റെ പുതിയ പോസ്റ്റിൽ സംസാരിക്കുന്നത്.
‘ഈ നമ്പർ ആരുടേതാണ് എന്നറിയാമോ? പോലീസിനെ സമീപിച്ചിട്ടു ഒരു കാര്യവും ഇല്ല എന്ന തിരിച്ചറിവ് ഉള്ളത് കൊണ്ട് പബ്ലിക്കിന്റെ ശ്രദ്ധയിലേക്ക് ഷെയർ ചെയ്യുന്നു. എന്റേതെന്നു പറഞ്ഞു മോർഫ് ചെയ്തു പടച്ചുവിട്ട വീഡിയോ അടക്കം കൊടുത്തു കൊണ്ട് കൊയിലാണ്ടി പോലീസിൽ പരാതി കൊടുത്തിട്ടു മൂന്നു വർഷം തികച്ചും കഴിഞ്ഞു. എന്നിട്ടും വീഡിയോ വിവിധ ഗ്രൂപ്പുകളിലേക്ക് പ്രചരിപ്പിക്കുകയും എന്നെ നേരിട്ടു വിളിക്കുകയും ചെയ്യുന്നത് നിർബാധം തുടരുകയാണ്. കേരളം ആണ്, സ്ത്രീകൾ സുരക്ഷിതരാണ്, മാങ്ങ തൊലിയാണ്’, ബിന്ദു അമ്മിണി പറയുന്നു.
അതേസമയം, കേരളം വിടുമെന്ന സൂചനയാണ് ബിന്ദു അമ്മിണി നൽകുന്നത്. കേരളം വിട്ടുപോകാൻ തനിക്ക് ഒരുപാട് കാരണങ്ങൾ ഉണ്ടെന്ന് പറഞ്ഞ ബിന്ദു അമ്മിണി, കേരളത്തിൽ നിൽക്കാൻ ഒരു കാരണം പോലും കാണുന്നില്ലെന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പ്രിവിലേജുകളിൽ കഴിയുന്നവർക്ക് സുരക്ഷിതമായ സ്ഥലമാണ് കേരളമെന്നും ഇവർ പരിഹസിക്കുന്നു. താനടക്കമുള്ളവർക്ക് ഈ പറയുന്ന പ്രിവിലേജുകൾ ഒന്നുമില്ലെന്നും, അതുകൊണ്ട് തന്നെ തനിക്കൊക്കെ എവിടെ ആയാലും ഒരുപോലെയാണെന്നും ബിന്ദു അമ്മിണി ചൂണ്ടിക്കാട്ടി.
Post Your Comments