സംസ്ഥാനത്ത് ജലജീവൻ പദ്ധതിയുടെ പ്രവർത്തനങ്ങൾ പാതിവഴിയിലായതോടെ, സമയപരിധി നീട്ടണമെന്ന ആവശ്യവുമായി സർക്കാർ രംഗത്ത്. റിപ്പോർട്ടുകൾ പ്രകാരം, പദ്ധതിയുടെ സമയപരിധി ഒരു വർഷം കൂടി നീട്ടാൻ ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കേന്ദ്രത്തെ സമീപിക്കുന്നതാണ്. രാജ്യത്ത് 2019- ലാണ് ജലജീവന്‍ മിഷൻ പദ്ധതി ആരംഭിച്ചതെങ്കിലും, ഒരു വർഷം വൈകിയാണ് കേരളത്തിൽ ഇതിന്റെ പ്രവർത്തനങ്ങൾ തുടങ്ങിയത്. അതേസമയം, കാലാവധി നീട്ടില്ലെന്നും, പിന്നീടുള്ള ചെലവുകൾ സംസ്ഥാന സർക്കാർ തന്നെ വഹിക്കണമെന്നും കേന്ദ്രമന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്ത് ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്.
ഗ്രാമീണ കുടുംബങ്ങൾക്ക് പൈപ്പിലൂടെ കുടിവെള്ളം നൽകുന്ന പദ്ധതിയാണ് ജലജീവന്‍ മിഷൻ. നിലവിൽ, കേരളത്തിൽ പദ്ധതിയുടെ 48 ശതമാനം മാത്രമാണ് പൂർത്തീകരിച്ചിട്ടുള്ളത്. സാഹചര്യത്തിലാണ് കേരളം കേന്ദ്രത്തെ സമീപിക്കുന്നത്. പൈപ്പിടാൻ റോഡ് വെട്ടി പൊളിക്കുന്നതിനുള്ള അനുമതി വൈകുന്നതും, സ്ഥലക്കുറവുമാണ് സംസ്ഥാനത്ത് പദ്ധതിയുടെ പ്രവർത്തനങ്ങൾ വൈകാനുള്ള പ്രധാന കാരണം. ജലജീവൻ മിഷൻ പദ്ധതിക്ക് കീഴിൽ ആകെ 69,92,537 വീടുകളാണ് ഉള്ളത്. നിലവിൽ, 34,33,612 വീടുകളിൽ കണക്ഷൻ നൽകിയിട്ടുണ്ട്. ഇനി 35,58,925 വീടുകളിലാണ് കണക്ഷൻ എത്തിക്കേണ്ടത്.
Post Your Comments