കോഴിക്കോട്: പേരാമ്പ്ര ബൈപ്പാസ് ഉദ്ഘാടനം നാളെ. ഉദ്ഘാടനം കഴിയുന്നതോടെ നാട്ടുകാരുടെ ഒന്നരപ്പതിറ്റാണ്ട് കാലത്തെ സ്വപ്നമാണ് പൂവണിയുന്നത്. കോഴിക്കോട് പേരാമ്പ്രയിലെ ഗതാഗതക്കുരുക്കിന് ശാശ്വത പരിഹാരം കൂടിയാണ് ബൈപ്പാസെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
Read Also: ഇസ്ലാം വർഗീയത വളർത്താൻ ശ്രമിക്കുന്ന മതമല്ല: ദ കേരള സ്റ്റോറിയ്ക്ക് അനുമതി നിഷേധിക്കണമെന്ന് കാന്തപുരം
കിഫ്ബി പദ്ധതിയിൽപ്പെടുത്തി 58.29 കോടി രൂപ ചെലവിൽ നിർമ്മിച്ച ബൈപ്പാസിന് 2.73 കിലോമീറ്റർ ദൂരവും 12 മീറ്റർ വീതിയുമുണ്ട്. 13 ഇടങ്ങളിൽ ലിങ്ക് റോഡും 109 കൂറ്റൻ തെരുവുവിളക്കുകളും ബൈപ്പാസിലുണ്ട്. 27.96 കോടി രൂപയാണ് ഭൂമി ഏറ്റെടുക്കലിന് മാത്രമായി ചെലവഴിച്ചത്. 997 സെന്റ് ഭൂമി ബൈപ്പാസിനായി ഏറ്റെടുക്കാൻ വലിയ വെല്ലുവിളികളാണ് നേരിടേണ്ടി വന്നത്. 2008ൽ ആരംഭിച്ച് 2010ൽ പൂർത്തിയാകേണ്ടിയിരുന്ന ബൈപ്പാസ് 12 വർഷം വൈകിച്ചത് നിക്ഷിപ്ത താത്പര്യക്കാരുടെ ഇടപെടൽ മൂലമാണ്. സുപ്രീം കോടതി ബൈപ്പാസിന് അനുകൂലമായി വിധി പ്രഖ്യാപിച്ചതോടെയാണ് ബൈപ്പാസ് നിർമ്മാണം പുനരാരംഭിക്കാൻ കഴിഞ്ഞതെന്ന് മുഖ്യമന്ത്രി അറിയിച്ചു.
എൽഡിഎഫ് സർക്കാരിന്റെ നിശ്ചയദാർഢ്യമാണ് പേരാമ്പ്ര ബൈപ്പാസ് നിർമ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിൽ കണ്ടത്. 2021 ഫെബ്രുവരി 14ന് പ്രവൃത്തി ഉദ്ഘാടനം ചെയ്യപ്പെട്ട ബൈപ്പാസ് ഇന്ന് നഗരത്തിന്റെ മുഖച്ഛായ തന്നെ മാറ്റും വിധം ഉദ്ഘാടനത്തിനൊരുങ്ങുകയാണ്. ബൈപ്പാസ് തുറക്കുന്നതോടെ പേരാമ്പ്ര ടൗണിലെ വീർപ്പുമുട്ടലും ട്രാഫിക് ബ്ലോക്കുമെല്ലാം അവസാനിക്കുകയാണ്. നാദാപുരം, കുറ്റ്യാടി ഭാഗങ്ങളിൽ നിന്നും കോഴിക്കോട് നഗരത്തിലേക്ക് വരുന്നവർക്കും കണ്ണൂർ എയർപോർട്ടിലേക്ക് പോകുന്നവർക്കും വലിയ ആശ്വാസമായി പേരാമ്പ്ര ബൈപ്പാസ് റോഡ് മാറുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments