പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തെ വരവേൽക്കാൻ ഒരുങ്ങി തൃശൂർ നഗരം. പൂരത്തിന്റെ ഭാഗമായുള്ള സാമ്പിൾ വെടിക്കെട്ടിന് ഇന്നാണ് തുടക്കമാവുക. ഇതോടെ, മാനത്ത് വർണ വിസ്മയം തീർക്കാൻ തിരുവമ്പാടിയും, പാറമേക്കാവും ഒരുങ്ങിക്കഴിഞ്ഞു. ഇന്ന് വൈകിട്ട് 7 മണിക്കാണ് സാമ്പിൾ വെടിക്കെട്ടിന് തിരിതെളിയുക. തിരുവമ്പാടി വിഭാഗം ആദ്യം തിരികൊളുത്തും. തുടർന്നാണ് പാറമേക്കാവിന്റെ ഊഴം.
ഇത്തവണ വ്യത്യസ്ഥ തരത്തിലുള്ള വെടിക്കെട്ടുകളാണ് വിസ്മയം തീർക്കാൻ എത്തുന്നത്. ട്രെയിനിന്റെ മാതൃകയിലുളള അമിട്ടുകളാണ് സാമ്പിൾ വെടിക്കെട്ടിന്റെ പ്രധാന ആകർഷണം. ഓരോ പൂരത്തിന്റെയും പ്രധാന വെടിക്കെട്ടിൽ ഉൾപ്പെടുത്തുന്ന പുതുമയുള്ള അമിട്ടുകൾ ഏതൊക്കെയെന്ന് സാമ്പിൾ വെടിക്കെട്ടിൽ സൂചന നൽകുന്നതാണ്. റെഡ് ലീഫ്, ഫ്ലാഷ്, സൂര്യകാന്തി, പരമ്പരാഗത നിലയമിട്ടുകൾ, ബഹുവർണ്ണ അമിട്ടുകൾ തുടങ്ങിയവയെല്ലാം അണിയറയിൽ സജ്ജീകരിച്ചിട്ടുണ്ട്. സാമ്പിൾ വെടിക്കെട്ട്, പൂരം വെടിക്കെട്ട്, പകൽ പൂരം എന്നിവയ്ക്കായി 2,000 കിലോഗ്രാം വീതം കരിമരുന്ന് പൊട്ടിക്കാനാണ് ജില്ലാ ഭരണകൂടം അനുമതി നൽകിയിരിക്കുന്നത്.
Post Your Comments