തിരുവനന്തപുരം: 14കാരിയായ സ്കൂള്‍ വിദ്യാര്‍ത്ഥിനിയെ ഭീഷണിപ്പെടുത്തി നിരന്തരം ലൈംഗികമായി പീഡിപ്പിച്ച ട്യൂഷന് ടീച്ചറിന് 33 വര്‍ഷം കഠിന തടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി. പുത്തന്‍തോപ്പ് സ്വദേശി സെബാസ്റ്റ്യന്‍ ഷൈജു (33)വിനെയാണ് കോടതി ശിക്ഷിച്ചത്. അതിവേഗ പോക്സോ കോടതി ജഡ്ജി ടി പി പ്രഭാഷ് ലാല്‍ ആണ് ശിക്ഷ വിധിച്ചത്.
2014-ലാണ് കേസിനാസ്പദമായ സംഭവം. സെബാസ്റ്റ്യന്‍ ഷൈജു ട്യൂഷന് എടുത്തിരുന്ന വീട്ടില്‍ വച്ച് കുട്ടിയെ പീഡിപ്പിക്കുകയും തുടര്‍ന്ന്, ഭീഷണിപ്പെടുത്തി തുടര്‍ച്ചയായി പീഡനത്തിന് ഇരയാക്കുകയും ചെയ്തുവെന്നാണ് കേസ്.
അതിജീവിത കേസിന്റെ വിചാരണ വേളയില്‍ രോഗം മൂലം മരിച്ചിരുന്നു. പ്രതിക്കെതിരെ ബലാത്സംഗ കുറ്റം, കഠിന ലൈംഗിക അതിക്രമം, സൈബര്‍ കുറ്റകൃത്യം എന്നിവ തെളിയിക്കപ്പെട്ടതായി കോടതി കണ്ടെത്തി.
ബലാത്സംഗ കുറ്റത്തിന് 15 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും പ്രായപൂര്‍ത്തിയാകാത്തയാളോട് കഠിന ലൈംഗിക അതിക്രമം നടത്തിയ കുറ്റത്തിന് 15 വര്‍ഷം കഠിനതടവും 25,000 രൂപ പിഴയും, ഐടി ആക്ട് പ്രകാരം 3 വര്‍ഷം കഠിനതടവും 10,000 രൂപ പിഴയും ആണ് വിധിച്ചത്. പിഴത്തുക കെട്ടിവച്ചില്ലെങ്കില്‍ 13 മാസം കൂടി തടവ് അനുഭവിക്കണം. ശിക്ഷ ഒരേ കാലയളവില്‍ അനുഭവിച്ചാല്‍ മതിയെന്നും വിചാരണത്തടവുകാലം ശിക്ഷാ ഇളവിന് അര്‍ഹതയുണ്ടെന്നും കോടതി ഉത്തരവിൽ പറയുന്നു.
കഠിനംകുളം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ കടയ്ക്കാവൂര്‍ പൊലീസ് ഇന്‍സ്പെക്ടറായിരുന്ന ജി ബി മുകേഷ് ആണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് 15 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകള്‍ തെളിവായി നല്‍കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എം മുഹസിന് ഹാജരായി.
Post Your Comments