ഡൽഹി: രാജ്യത്തെ പ്രതിനിധീകരിക്കുന്ന താരങ്ങൾ തെരുവിൽ സമരം ചെയ്യുന്നത് ഇന്ത്യയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിക്കുമെന്ന് ഇന്ത്യൻ ഒളിംപിക് അസോസിയേഷൻ പ്രസിഡന്റ് പിടി ഉഷ. ജന്തർ മന്ദറിൽ രാപ്പകൽ സത്യാഗ്രഹം നടത്തി വരുന്ന ഗുസ്തി താരങ്ങളെക്കുറിച്ച് പരാമർശിക്കവെയാണ് പിടി ഉഷ ഇക്കാര്യം പറഞ്ഞത്. തെരുവിൽ സമരം ചെയ്യുന്നതിന് പകരം ഒളിംപിക് അസോസിയേഷനെ സമീപിക്കുകയാണ് വേണ്ടിയിരുന്നതെന്നും അവർ കൂട്ടിച്ചേർത്തു.
പ്രായപൂർത്തിയാകാത്ത കുട്ടി അടക്കമുള്ള കായിക താരങ്ങൾ, ഗുസ്തി ഫെഡറേഷൻ അദ്ധ്യക്ഷനും ബിജെപി എംപിയുമായ ബ്രിജ് ബ്രിജ് ഭൂഷൺ ശരൺ സിംഗിനെതിരെ ലൈംഗിക പരാതി നൽകിയിട്ടും ഡൽഹി പൊലീസ് കേസെടുക്കാൻ കൂട്ടാക്കിയില്ല എന്നാരോപിച്ചാണ് ദേശീയ ഗുസ്തി താരങ്ങൾ ഉൾപ്പെടെയുള്ളവർ അഞ്ച് ദിവസമായി ഡൽഹിയിൽ സമരം തുടരുന്നത്.
ലൈംഗിക പീഡന പരാതികളിൽ ബ്രിജ് ഭൂഷണെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുൻപ് പ്രാഥമിക അന്വേഷണം നടത്തണമെന്നാണ് ഡൽഹി പോലീസ് സുപ്രീംകോടതിയെ അറിയിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് ഗുസ്‌തി താരങ്ങൾ സുപ്രീം കോടതിയെ സമീപിച്ചതിന് പിന്നാലെയായിരുന്നു പോലീസിന്റെ വിശദീകരണം.
എന്നാൽ, വനിതാ ഗുസ്‌തി താരങ്ങളുടെ ഹർജി വെള്ളിയാഴ്‌ച പരിഗണിക്കുമ്പോൾ അന്വേഷണവുമായി ബന്ധപ്പെട്ട വിവരങ്ങൾ കൈമാറാനും നിലപാട് വ്യക്തമാക്കി സത്യവാങ്മൂലം സമർപ്പിക്കാനും പോലീസിനോട് കോടതി നിർദ്ദേശിച്ചു.
Post Your Comments