വയറിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. വയറില്‍ താമസിക്കുന്ന ലക്ഷണക്കണക്കിനായ സൂക്ഷ്മ ബാക്ടീരിയകള്‍ ദഹന സംവിധാനത്തെ ആരോഗ്യത്തോടെ സൂക്ഷിക്കുന്നു. നിരന്തരമായി ഗ്യാസ് കെട്ടുന്നതും വയര്‍ വീര്‍ത്തിരിക്കുന്നതും ദഹന സംവിധാനം അവതാളത്തിലായതിന്റെ കൃത്യമായ സൂചനയാണ്.
വയറിന്റെ ആരോഗ്യത്തിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
ഒന്ന്…
വൈവിധ്യമാര്‍ന്ന ഭക്ഷണങ്ങള്‍ കഴിക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടത്. ഇത് ശരീരത്തിന് വേണ്ട പല പോഷകങ്ങള്‍ ലഭിക്കാനും സഹായിക്കും.
രണ്ട്…
ഫൈബര്‍ അഥവാ നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ആവശ്യത്തിന് കഴിച്ചില്ലെങ്കില്‍ അത് വയറിലൂടെയും കുടലുകളിലൂടെയുമുള്ള ഭക്ഷണത്തിന്റെ ശരിയായ നീക്കത്തെ ബാധിക്കാം. ഗട്ട് സംവിധാനത്തില്‍ ഭക്ഷണം കെട്ടിക്കിടക്കുന്നത് പല തരത്തിലുള്ള അണുക്കളുടെ വളര്‍ച്ചയ്ക്കും രോഗങ്ങള്‍ക്കും കാരണമാകും. അതിനാല്‍ ഫൈബര്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ധാരാളമായി കഴിക്കാം. നാരുകള്‍ അന്നജമാണെങ്കിലും മറ്റ് അന്നജങ്ങളെപ്പോലെ ഇത് ഗ്ലൂക്കോസ് ആയി മാറ്റപ്പെടുന്നില്ല. അതുകൊണ്ടുതന്നെ രക്തത്തിലെ പഞ്ചസാരയെ അല്പംപോലും ഇവ ഉയര്‍ത്തുന്നില്ല. അതിനാല്‍ പ്രമേഹമുള്ളവര്‍ക്കും അത് വരാതിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഇത് ഗുണം ചെയ്യുന്നു. നാരുകള്‍ കൂടുതലുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് അസിഡിറ്റിയെ തടയാനും സഹായിക്കും. അതിനാല്‍ നാരുകള്‍ അടങ്ങിയ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍ എന്നിവ തെരഞ്ഞെടുത്ത് കഴിക്കാം.
മൂന്ന്…
വയറ്റിനകത്ത് കാണപ്പെടുന്ന നല്ലയിനം ബാക്ടീരിയകളുടെ എണ്ണം വര്‍ധിപ്പിക്കാന്‍ സഹായിക്കുന്ന ഭക്ഷണങ്ങളെ ‘പ്രോബയോട്ടിക്‌സ്’ എന്നാണ് വിളിക്കുന്നത്. അതുപോലെ ഇവയെ ഭക്ഷണം നല്‍കി ശക്തിപ്പെടുത്തി, നിലനിര്‍ത്തുന്ന ഭക്ഷണങ്ങളെ ‘പ്രീബയോട്ടിക്‌സ്’ എന്നും വിളിക്കുന്നു. ഈ രണ്ട് വിഭാഗത്തില്‍ പെടുന്ന ഭക്ഷണവും പതിവായി ഡയറ്റിലുള്‍പ്പെടുത്തിയാല്‍ വയറിന്റെ ആരോഗ്യം ഉറപ്പിക്കാമെന്നാണ് വിദഗ്ധര്‍ പറയുന്നത്. തൈര് പോലുള്ള പുളിച്ച ഭക്ഷണസാധനങ്ങള്‍ പലതും പ്രോബയോട്ടിക് ആണ്. ഇവ വയറിന്റെയും കുടലിന്റെയും ആരോഗ്യത്തെ നിലനിര്‍ത്താന്‍ സഹായിക്കും.
നാല്…
കുടലില്‍ ഗുണം ചെയ്യുന്ന ബാക്ടീരിയകളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്ന ഭക്ഷണങ്ങളാണ് പ്രീബയോട്ടിക്‌സ്. ആപ്പിള്‍, വാഴപ്പഴം, ബാര്‍ലി, ഓട്‌സ്, ചിയ, ഫ്‌ളാക്‌സ് വിത്തുകള്‍, വെളുത്തുള്ളി, ഉള്ളി, ബീന്‍സ്, പയര്‍വര്‍ഗ്ഗങ്ങള്‍ തുടങ്ങിയ പ്രീബയോട്ടിക് ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം.
അഞ്ച്…
പഞ്ചസാരയുടെയും സംസ്‌കരിച്ച ഭക്ഷണത്തിന്റെയും ഉപയോഗം പരമാവധി ഡയറ്റില്‍ നിന്നും ഒഴിവാക്കുക. ആവശ്യത്തിലധികം മധുരം കഴിക്കുന്നതും ഗട്ടിലെ സഹായപ്രദമായ സൂക്ഷ്മ ബാക്ടീരിയകളെ അവതാളത്തിലാക്കും. അമിതമായ അളവിലുള്ള പഞ്ചസാരയെ ദഹിപ്പിക്കാനും ശരീരത്തിന് ബുദ്ധിമുട്ട് ഉണ്ടാകാം.
ആറ്…
അമിത മദ്യപാനവും ഗട്ട് സംവിധാനത്തിലെ സൂക്ഷ്മാണുക്കളുടെ സന്തുലിതാവസ്ഥയെ മോശമായി ബാധിക്കും. ഇത് ദഹനത്തെയും ബാധിക്കാം. അതിനാല്‍ അമിത മദ്യപാനം ഒഴിവാക്കാം.
ഏഴ്…
സ്ട്രസ് കുറയ്ക്കുന്നത് വയറും കുടലുകളുമെല്ലാം അടങ്ങുന്ന ദഹനസംവിധാനം കാര്യക്ഷമമായി ജോലി ചെയ്യാന്‍ സഹായിക്കും. അതിനാല്‍ സ്‌ട്രെസ് കുറയ്ക്കാനുള്ള വഴികള്‍ സ്വീകരിക്കുക. യോഗ, വ്യായാമം തുടങ്ങിയവ ശീലമാക്കാം. കൃത്യ സമയത്ത് ഉറങ്ങാനും ശ്രദ്ധിക്കുക.
Post Your Comments