പത്തനംതിട്ട: പൊറോട്ടക്ക് ചൂട് കുറഞ്ഞുപോയെന്ന് പറഞ്ഞ് മദ്യപിച്ചെത്തിയ മൂന്നംഗ സംഘം ഹോട്ടൽ ഉടമയേയും ഭാര്യയേയും മര്‍ദ്ദിച്ചു. തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ നടന്ന സംഭവത്തിൽ, വെണ്ണിക്കുളത്ത് തീയേറ്റര്‍ പടിയില്‍ പ്രവര്‍ത്തിക്കുന്ന എംജി ഹോട്ടല്‍ ഉടമ മുരുകനെയും ഭാര്യയേയുമാണ് അക്രമി സംഘം ക്രൂരമായി മര്‍ദ്ദിച്ചത്. സാരമായി പരിക്കേറ്റ മുരുകനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മുരുകന്റെ ചെവിക്ക് പിന്നിലായി 16 തുന്നല്‍ ഉണ്ട്. കാലിലെ ഞരമ്പ് മുറിഞ്ഞു പോവുകയും വിരലില്‍ പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
പ്രദേശവാസിയായ ഒരാള്‍ ഹോട്ടലിലെത്തി പൊറോട്ട പാഴ്‌സല്‍ നല്‍കാന്‍ ആവശ്യപ്പെടുകയായിരുന്നു. ചുട്ടുകൊണ്ടിരുന്ന പൊറോട്ട പാഴ്‌സലാക്കുന്നതിനിടെ ഇയാള്‍ പുറത്തേക്ക് പോയി. പിന്നീട് 15 മിനിട്ടിന് ശേഷമാണ് തിരിച്ചെത്തിയത്. ഈ സമയം പാഴ്‌സല്‍ നല്‍കിയപ്പോള്‍ പൊറോട്ടയ്ക്ക് ചൂടില്ലെന്ന് പറഞ്ഞ് തട്ടിക്കയറി. ജീവനക്കാരനോട് ചൂടുള്ള പൊറോട്ട നൽകണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടു. തുടർന്ന്, അസഭ്യം പറഞ്ഞ് ഇയാളും ഒപ്പമുള്ളവരും ചേർന്ന് കടയുടമ മുരുകനെ മര്‍ദ്ദിക്കുകയായിരുന്നു.
ഇത് കണ്ട് തടയാനെത്തിയ മുരുകന്റെ ഭാര്യ ഗീതയേയും ഇവർ കയ്യേറ്റം ചെയ്തു. ഇരുവരുടെയും വസ്ത്രങ്ങള്‍ അക്രമി സംഘം വലിച്ചുകീറുകയും ചെയ്തു. ഇവരെ പിന്നീട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മദ്യപിച്ചെത്തിയ മൂന്നംഗ സംഘമാണ് ഇരുവരെയും ആക്രമിച്ചത്. പ്രതികളെ കുറിച്ച് വ്യക്തമായ പരാതി കോയിപ്രം പോലീസില്‍ നല്‍കിയെങ്കിലും ഇതുവരെ പിടികൂടിയിട്ടില്ലെന്നും ദമ്പതികൾ പറയുന്നു.
Post Your Comments