KeralaLatest News

ഡിസ്പ്ലേയുടെ ഇടയിലൂടെ വാതകം വെടിയുണ്ടകണക്കേ എത്തുന്ന പ്രതിഭാസം: എട്ടുവയസ്സുകാരിയുടെ പല്ലുകളും കൈവിരലുകളും അറ്റുചിതറി

തിരുവില്വാമലയിൽ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ച് എട്ടു വയസുകാരി മരിച്ച സംഭവത്തിൽ ചെെനീസ് ഇലക്ട്രോണിക്സ് ഉപകരണ ഭീമനായ ഷവോമിയുടെ ഇന്ത്യൻ ഘടകം ഇടപെടുന്നു. കുട്ടി സ്ഫോടനത്തിൽ കൊല്ലപ്പെട്ട സംഭവത്തിൽ അന്വേഷണവുമായി സഹകരിക്കുമെന്ന് ഷവോമി ഇന്ത്യ വ്യക്തമാക്കി. സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നതെന്നും കുടുംബത്തിന് സാദ്ധ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. അതേസമയം ഫോൺ സ്ഫോടനം നടന്ന സംഭവത്തിൽ ദുരൂഹതകൾ നിലനിൽക്കുന്നതിനാൽ അപകടത്തിനിടയാക്കിയ ഫോൺ കൂടുതൽ പരിശോധനയ്ക്ക് വിധേയമാക്കാൻ പൊലീസ് തീരുമാനിച്ചിരിക്കുകയാണ്. തൃശൂർ ഫോറൻസിക് ലാബിൽ ഈ ഫോൺ പരിശോധന നടത്തും.

അപകടത്തിനിടയാക്കിയത് ‘ബോംബയിൽ” (BOMBILE) എന്ന കെമിക്കൽ എക്‌സ്‌പ്ലോഷൻ പ്രതിഭാസമാണെന്നാണ് ആദ്യഘട്ട പരിശോധനയിൽ കണ്ടെത്തിയിരിക്കുന്നത്. തുടർച്ചയായ ഉപയോഗം കൊണ്ടോ ബാറ്ററിയുടെ തകരാറ് കൊണ്ടോ ഫോൺ ചൂടാകുമ്പോഴാണ് ഈ പ്രതിഭാസം സംഭവിക്കുന്നത്. ബാറ്ററിയിലെ ലിഥിയം അയണിന് സംഭവിക്കുന്ന രാസമാറ്റമാണ് അപകടകാരണമായി മാറുന്നത്. അപ്രതീക്ഷിതമായി സെക്കൻഡുകളുടെ വ്യത്യാസത്തിൽ വെടിയുണ്ട പായുന്ന വേഗതയിൽ വാതകം ഫോണിൽ നിന്ന് പുറത്തേക്ക് ചിതറുന്ന രീതിയാണ് ബോംബയിൽ. ഇതാണ് അപകടത്തിന് കാരണമാക്കിയതെന്നാണ് വിവരം.

അതേസമയം കുട്ടി മരണപ്പെടാൻ കാരണമായ സ്ഫോടനം നടന്നത് വലിയ ശബ്ദത്തിലാണെന്നുള്ളതും ദുരൂഹതയായിത്തന്നെ നിലനിൽക്കുകയാണ്. ഫോണിൻ്റെ ഡിസ്‌പ്ലേയ്ക്കിടയിലൂടെയാണ് പൊട്ടിത്തെറി ഉണ്ടായിരിക്കുന്നതെന്നാണ് വിവരം. ഡിസ്‌പ്ലേ തകർന്നതൊഴിച്ചാൽ പ്രത്യക്ഷത്തിൽ ഫോണിന് തകരാർ കാണുന്നില്ലെന്നുള്ളതാണ് യാഥാർത്ഥ്യം. കുന്നംകുളം എസിപി ടിഎസ് സിനോജും പഴയന്നൂർ ഇൻസ്‌പെക്ടർ ബിന്ദു കുമാറുമാണ് കേസിൻ്റെ അന്വേഷണച്ചുമതല വഹിക്കുന്നത്. ബോംബയിൽ എന്ന പ്രതിഭാസം മരണത്തിലേക്ക് നയിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്ന് അന്വേഷണത്തിൽ വിവരം ലഭിച്ചതായി പൊലീസ് അറിയിച്ചിട്ടുണ്ടെങ്കിലും അതാണോ മരണകാരണമായതെന്ന കാര്യത്തിൽ സ്ഥിരീകരണമുണ്ടായിട്ടില്ല.

2017ൽ തൻ്റെ സഹോദരൻ മകൾക്ക് വാങ്ങി നൽകിയതാണ് റെഡ്മി 5 പ്രോ ഫോണെന്ന് ആദിത്യശ്രീയുടെ പിതാവ് അശോക് കുമാർ പറഞ്ഞു. 2022ൽ ചാർജ് കുറയുന്ന പ്രശ്നം ആരംഭിച്ചു. ബാറ്ററി മാറ്റാൻ പാലക്കാട്ടെ റെഡ്മി/എംഐ സർവീസ് സെൻ്ററിൽ നൽകി. ഒരു മാസത്തിന് ശേഷം ഒറിജിനൽ ബാറ്ററി ഇട്ടെന്ന് പറഞ്ഞ് തിരികെ നൽകുകയായിരുന്നു. സംഭവം നടക്കുന്ന ദിവസം വൈകിട്ട് അഞ്ചിനാണ് ഫോൺ ചാർജിലിട്ടത്. രാത്രിയിൽ വെറും നാലോ അഞ്ചോ മിനിട്ടാണ് മകൾ ഫോൺ ഉപയോഗിച്ചതെന്നും അശോക് കുമാർ പറഞ്ഞു. എന്താണ് മരണ കാരണമെന്ന് കണ്ടെത്തണമെന്നു തന്നെയാണ് അശോക് കുമാർ ആവശ്യപ്പെടുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button