ഇടുക്കി: അരിക്കൊമ്പനെ പിടികൂടുന്നതിന്റെ മുന്നോടിയായുള്ള മോക്ക് ഡ്രിൽ ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് 2.30 നാണ് ദൗത്യ സംഘങ്ങളെ അണിനിരത്തി മോക്ക് ഡ്രിൽ നടത്തുക. വയനാട്ടിൽ നിന്നുള്ള ആർ ആർ ടി ചിന്നക്കനാലിൽ ഇന്നലെ തിരിച്ചെത്തിയിട്ടുണ്ട്.
അരിക്കൊമ്പനെ പിടികൂടാനായാൽ പെരിയാർ കടുവാ സങ്കേതത്തിലേക്കോ അഗസ്ത്യവനം ബയോസ്ഫിയർ റിസർവിലേക്കോ മാറ്റാനാണ് വനം വകുപ്പ് ആലോചിക്കുന്നത്. സർക്കാരിന് ലഭിച്ച വിദഗ്‌ധ സമിതി റിപ്പോർട്ടും ഹൈക്കോടതി നിർദേശവും കണക്കിലെടുത്ത് ആനയെ പിടികൂടുന്നതിലും സുരക്ഷിത സ്ഥലത്തേക്ക് മാറ്റുന്നതും സംബന്ധിച്ച് വനം വകുപ്പിനോട് ഉചിതമായ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി നിർദേശിച്ചു. ആനയെ നാളെയോ മറ്റന്നാളോ ആയി മയക്കു വെടി വെക്കാനാണ് പദ്ധതി.
കഴിഞ്ഞ ദിവസം ഓൺലൈനായി ചേർന്ന യോഗത്തിന്റെ അന്തിമ തീരുമാനത്തിന്റെ റിപ്പോർട്ട് ഇന്നലെയാണ് സർക്കാരിന് കൈമാറിയത്. മുൻപ് അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് മാറ്റുന്നതിനുള്ള ശ്രമങ്ങൾ നടന്നിരുന്നെങ്കിലും പ്രതിഷേധം ഉയർന്നതോടെ പുതിയ സ്ഥലം കണ്ടെത്തുന്നതിനായി സമിതിയുടെ സഹായം തേടുകയായിരുന്നു. അരിക്കൊമ്പനെ മാറ്റുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും തന്നെ സർക്കാർ ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല.
Post Your Comments