KeralaLatest NewsIndia

രാഹുൽഗാന്ധി, മൂലം നക്ഷത്രം: ലോക്സഭാം​ഗത്വം തിരികെ കിട്ടാൻ ജഡ്ജിയമ്മാവൻ കോവിലിൽ അട വഴിപാട്

പത്തനംതിട്ട: കേസ് ജയിക്കാനായി രാഹുൽ ​ഗാന്ധിയുടെ പേരിലും ജഡ്ജിയമ്മാവൻ കോവിലിൽ വഴിപാട്. ലോക്സഭാംഗത്വത്തിൽനിന്ന് രാഹുലിനെ അയോഗ്യനാക്കി അസ്ഥിരപ്പെടുത്താനുള്ള കേന്ദ്രസർക്കാരിന്റെ നീക്കം തടയാനാണ് കോൺ​ഗ്രസുകാർ ജഡ്ജി അമ്മാവന്റെ അനു​ഗ്രഹം തേടി വഴിപാട് നടത്തിയത്. ചെറുവള്ളി മേഖലാ കമ്മിറ്റി പ്രസിഡന്റ് ബിനേഷ് ചെറുവള്ളിയാണ് രാഹുൽ ​ഗാന്ധിക്കായി അടനിവേദ്യം വഴിപാട് നടത്തിയത്. കേസുകളിൽ പെടുന്നവർ വിജയത്തിനായി എത്തി പ്രാർത്ഥിക്കുന്ന ക്ഷേത്രമാണ് പത്തനംതിട്ട ജില്ലയിലെ ചെറുവള്ളി ദേവീക്ഷേത്രത്തിലെ ജഡ്ജിയമ്മാവൻ കോവിൽ.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചെറുവള്ളി ദേവീക്ഷേത്രത്തിലെ ഉപദേവാലയമാണ് ജഡ്ജിയമ്മാവൻ കോവിൽ. ചെറുവള്ളി ദേവിക്ക് പുഷ്പാഞ്ജലി, കൊടുംകാളിക്ക് നടകുരുതി വറവഴിപാടും നടത്തി. രാഹുൽഗാന്ധി, മൂലം നാൾ എന്ന പേരിലാണ് ദേവസ്വത്തിൽനിന്ന് രസീത് വാങ്ങിയത്. കേസുകളിലുൾപ്പെട്ട ചലച്ചിത്രതാരങ്ങൾ, കായികതാരങ്ങൾ, രാഷ്ട്രീയനേതാക്കൾ തുടങ്ങിയവരുൾപ്പെടെയുള്ളവർ പൂജകളിൽ പങ്കെടുത്തിട്ടുള്ള കോവിലാണിത്.

ധർമരാജാവിന്റെ ഭരണകാലത്ത് തിരുവിതാംകൂർ സദർകോടതി ജഡ്ജിയായിരുന്ന തിരുവല്ല തലവടി രാമവർമപുരത്തുമഠം ഗോവിന്ദപ്പിള്ളയുടെ ആത്മാവിനെയാണ് ജഡ്ജിയമ്മാവനായി ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. ആ കഥ ഇങ്ങനെ, 150 വർഷത്തിലേറെ പഴക്കമുള്ള കഥയാണ് ജഡ്ജിയമ്മാവന്റേത്. രാജഭരണകാലത്തിന്റെ അവസാനം ജീവിച്ചിരുന്ന പി. ഗോവിന്ദപ്പിള്ള എന്ന ജഡ്ജിയാണ് മരണശേഷം ജഡ്ജിയമ്മാവൻ എന്ന ദൈവമായത്. അന്നത്തെ സദർ കോടതി (ഇന്നത്തെ ഹൈക്കോടതിക്ക് തുല്യം) യിലെ ജഡ്ജിയായിരുന്നു ഗോവിന്ദപ്പിള്ള.

സത്യസന്ധതയ്ക്ക് പേരുകേട്ട അദ്ദേഹം ഒട്ടേറെ വിധിന്യായങ്ങളിലൂടെ ശ്രദ്ധേയനായി. അങ്ങനെയിരിക്കെ ഒരുദിവസം ഗോവിന്ദപ്പിള്ളയ്ക്ക് ചില തെറ്റിദ്ധാരണകൾ തുടങ്ങി. ഭാര്യയെക്കുറിച്ച് സംശയങ്ങൾ ഉടലെടുത്തു. തന്റെ ഭാര്യയും അനന്തരവൻ പത്മനാഭപിള്ളയും തമ്മിൽ അവിഹിത ബന്ധമുണ്ടെന്നായിരുന്നു ജഡ്ജിയുടെ സംശയം. സംശയം ബലപ്പെട്ടതോടെ ജഡ്ജി അനന്തരവനെ അവിഹിതബന്ധത്തിന്റെ പേരിൽ തൂക്കിക്കൊല്ലാൻ വിധിച്ചു. വിധി നടപ്പാക്കി കാലം കഴിഞ്ഞപ്പോൾ ജഡ്ജിക്ക് ഒരുകാര്യം ബോധ്യമായി.

ഭാര്യയും അനന്തരവനും തമ്മിൽ ഒരുബന്ധവും ഇല്ലായിരുന്നു. സംശയിച്ചത് വെറുതെ. അനന്തരവനെ തൂക്കിക്കൊല്ലാനുള്ള വിധിന്യായം തെറ്റായിപ്പോയി. ഗോവിന്ദപ്പിള്ളയെന്ന ജഡ്ജി പശ്ചാപത്തിന്റെ തടവറയിലായി. കടുത്ത മാനസിക സംഘർഷവും മനപ്രയാസവും അദ്ദേഹത്തെ അലട്ടി. ജീവിക്കണം എന്ന ചിന്തതന്നെ നഷ്ടപ്പെട്ടു. ഒടുവിൽ അദ്ദേഹം മരിക്കാൻ തീരുമാനിച്ചു. അങ്ങനെ ജഡ്ജി രാജാവിനെ പോയിക്കണ്ടു. തന്റെ തെറ്റായ വിധിന്യായത്തെക്കുറിച്ച് രാജാവിനോട് പറഞ്ഞു. താൻ ചെയ്ത തെറ്റിന് തന്നെ ശിക്ഷിക്കണമെന്ന് ആവശ്യപ്പെട്ടു. രാജാവ് വഴങ്ങിയില്ല.

അങ്ങനെ രാജാവും ജഡ്ജിയും തമ്മിൽ തർക്കമായി. ഒടുവിൽ രാജാവ് ഒരു തീരുമാനം പറഞ്ഞു. ജഡ്ജിക്ക് സ്വയം ശിക്ഷവിധിക്കാം. ഭടന്മാരെവിട്ട് താൻ അത് നടപ്പാക്കിക്കൊള്ളാം. ഗോവിന്ദപ്പിള്ള അത് അംഗീകരിച്ചു. അങ്ങനെ അദ്ദേഹം സ്വന്തം കോടതിയിലെത്തി സ്വയം ശിക്ഷവിധിച്ചു. രണ്ടുകാലും മുറിച്ചുമാറ്റി തൂക്കിക്കൊല്ലാനായിരുന്നു ജഡ്ജിയുടെ ശിക്ഷാവിധി. രാജാവിന്റെ ഭടന്മാരെത്തി. ജഡ്ജിയുടെ കാലുകൾ മുറിച്ചു. ശേഷം തൂക്കിക്കൊന്നു. ജഡ്ജി ഗോവിന്ദപ്പിള്ള അങ്ങനെ സ്വയം ശിക്ഷവിധിച്ച ജഡ്ജിയായി ചരിത്രത്തിലേക്ക് നടന്നു. ആലപ്പുഴയ്ക്കടുത്ത് തലവടി എന്ന സ്ഥലത്താണ് ജഡ്ജി ഗോവിന്ദപ്പിള്ള താമസിച്ചിരുന്നത്.

അദ്ദേഹത്തിന്റെ മൂലകുടുംബം പത്തനംതിട്ടയിലെ കാവുംഭാഗം ചെറുവള്ളിയിലായിരുന്നു. ചെറുവള്ളിയിൽ നിന്ന് തലവടിയിലേക്ക് കുടിയേറിപ്പാർത്തവരാണ് ജഡ്ജിയുടെ പൂർവ്വികർ. ജഡ്ജിയുടെ ദാരുണമായ മരണത്തിന് ശേഷം തലവടിയിൽ പലവിധ പ്രശ്‌നങ്ങൾ ഉണ്ടായതായാണ് ഐതിഹ്യം. നാട്ടുകാർക്ക് മുഴുവൻ പ്രശ്‌നങ്ങൾ. പെടുമരണങ്ങൾ. ദുരിതങ്ങൾ. അങ്ങനെ പലതും നാട്ടിൽ നടന്നു. ഒടുവിൽ നാട്ടുകാരെല്ലാവരും ചേർന്ന് ഒരു ജോത്സ്യനെപ്പോയിക്കണ്ടു. ജ്യോത്സ്യൻ കാരണം കണ്ടെത്തി. അറുകൊല സംഭവിച്ച ജഡ്ജിയുടെ ആത്മാവാണ് പ്രശ്‌നം.

ആത്മാവിനെ നാട്ടിൽനിന്ന് അകറ്റണം. ആത്മാവിനെ ആവാഹിച്ച് ജഡ്ജിയുടെ മൂലകുടുംബം സ്ഥിതി ചെയ്യുന്ന ചെറുവള്ളിയിലെ ക്ഷേത്രത്തിൽ കുടിയിരുത്തണം. എന്നാലേ നാട്ടിലെ അനർത്ഥങ്ങൾ മാറൂ. അങ്ങനെ നാട്ടുകാരും ബന്ധുക്കളും ചേർന്ന് ജഡ്ജിയുടെ ആത്മാവിനെ ആവാഹിച്ച് പത്തനംതിട്ട കാവുംഭാഗം ചെറുവള്ളിയിലെ ദേവീക്ഷേത്രത്തിൽ കുടിയിരുത്തി. ഈ പ്രതിഷ്ഠയാണ് ജഡ്ജിയമ്മാവൻ.

കേസിൽപ്പെട്ടവർക്ക് വ്യവഹാരങ്ങളുമായി ബന്ധപ്പെട്ടവർക്കും പ്രാർത്ഥിക്കാനായാണ് ഈ ക്ഷേത്രം. ഈ അമ്പലത്തിൽപ്പോയി പ്രാർത്ഥിച്ചാൽ കേസുകളിൽ വിജയിക്കാനാകുമെന്നാണ് വിശ്വാസം. ക്രിമിനൽ കേസിൽ പെട്ടവരും വ്യവഹാരങ്ങളിൽ ഉൾപ്പെട്ടവരും കേസുകളുമായി ബന്ധപ്പെട്ട മേഖലയിൽ പ്രവർത്തിക്കുന്ന ജഡ്ജിമാരും പൊലീസുദ്യോഗസ്ഥന്മാരും ഒക്കെയാണ് ഈ അമ്പലത്തിൽ പ്രാർത്ഥിക്കാനെത്തുന്നത്. അമ്പലത്തിലെ പ്രതിഷ്ഠയുടെ പേര് ജഡ്ജിയമ്മാവൻ. പത്തനംതിട്ട ജില്ലയിൽ റാന്നി മണിമല പൊൻകുന്നം റൂട്ടിലാണ് ജഡ്ജിയമ്മാവന്റെ അമ്പലം സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർ ദേവസ്വംബോർഡിന്റെ ഉടമസ്ഥതയിലുള്ള കാവുംഭാഗം ചെറുവള്ളി മേജർ ദേവീക്ഷേത്രത്തിലാണ് ജഡ്ജിയമ്മാവൻ ഉപദേവതയായ പ്രതിഷ്ഠയുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button