കാലടി: സുഹൃത്തുക്കളോടൊപ്പം മലയാറ്റൂർ നീലീശ്വരത്ത് പെരിയാറ്റിൽ കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങിമരിച്ചു. നീലീശ്വരം പ്ലാപ്പള്ളി കവലയ്ക്ക് സമീപം താമസിക്കുന്ന വെള്ളിമറ്റം മുരളിയുടെ മകൻ ജഗന്നാഥൻ (14) ആണ് മരിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നോടെയായിരുന്നു സംഭവം. നീലീശ്വരം പ്ലാപ്പള്ളി കവലയിലുള്ള അഞ്ച് പേരാണ് കുളിക്കാനെത്തിയത്. ഇതിൽ നാലു പേർ പുഴയിലിറങ്ങുകയും മുങ്ങിത്താഴുകയുമായിരുന്നു. സംഭവസമയം കടവിൽ ചൂണ്ടയിടുകയായിരുന്ന ബാലൻ എന്നയാൾ കുട്ടികൾ മുങ്ങിത്താഴുന്നത് കാണുകയും കുട്ടികളുടെ അടുത്തേക്ക് നീന്തിയെത്തി മൂന്നു പേരെയും രക്ഷപ്പെടുത്തി.
കാലടി പൊലീസും അങ്കമാലി അഗ്നിശമന സേനയും ചേർന്നുള്ള തെരച്ചിലിലാണ് വൈകീട്ട് അഞ്ചരയോടെ ജഗന്നാഥന്റ മൃതദേഹം കണ്ടെത്തിയത്. അഞ്ചു പേരും നീലീശ്വരം എസ്എൻഡിപി സ്കൂളിലെ വിദ്യാർത്ഥികളാണ്.
അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന ജഗന്നാഥന്റ മൃതദേഹം താലൂക്ക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. അമ്മ: സുധ. സഹോദരൻ: ജിനദേവ്.
Post Your Comments