ബെംഗളൂരു: ദക്ഷിണേന്ത്യയില്‍ ബി ജെ പി ഭരിക്കുന്ന ഒരേ ഒരു സംസ്ഥാനം, കാലു മാറ്റം മുതല്‍ വോട്ട് കച്ചവടം വരെയുള്ള നിരവധി ചരിത്ര സംഭവങ്ങള്‍, കോണ്‍ഗ്രസ്സ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടെ സംസ്ഥാനം. കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പ് ഇക്കാരണങ്ങള്‍ കൊണ്ട് തന്നെ ദേശീയ ശ്രദ്ധ ആകര്‍ഷിക്കുന്ന ഒന്നായി മാറുന്നുണ്ട്. മെയ് 10ന് ആണ് രാജ്യം ഉറ്റുനോക്കുന്ന കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പ്.
Read Also; പ്രകാശ് സിംഗ് ബാദൽ അന്തരിച്ചു
ഒറ്റഘട്ടമായി നടക്കുന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ മെയ് 13നാണ്. സെന്‍ട്രല്‍ കര്‍ണാടക, മുംബൈ കര്‍ണാടക, ദക്ഷിണ കര്‍ണാടക, ബെംഗളൂരു കര്‍ണാടക, കോസ്റ്റല്‍ കര്‍ണാടക, ഹൈദരാബാദ് കര്‍ണാടക എന്നിങ്ങനെ ആറ് രാഷ്ട്രീയ മേഖലകളായി കര്‍ണാടകയെ തരം തിരിക്കാം. ആകെ 5.21 കോടി വോട്ടര്‍മാര്‍ 224 നിയമസഭാ സീറ്റുകള്‍. സമുദായ സമവാക്യങ്ങള്‍ തന്നെ ആണ് എന്നും കര്‍ണാടകയില്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായിട്ടുള്ളത്. കര്‍ണാടകയിലെ പ്രബലമായ രണ്ടു സമുദായങ്ങളാണ് ലിംഗായത്തും, വൊക്കലിംഗയും. തെക്കന്‍ കര്‍ണാടകയില്‍ വൊക്കലിംഗക്കു ആണ് സ്വാധീനം എങ്കില്‍ വടക്കന്‍ കര്‍ണാടക ലിംഗായത്ത് സമുദായത്തിന്റെ തട്ടകമാണ്. ജനസംഖ്യയില്‍ 14 ശതമാനമാണ് വൊക്കലിംഗ സമുദായമെങ്കില്‍ 17 ശതമാനമാണ് ലിംഗായത്തുകള്‍. മുന്‍ പ്രധാനമന്ത്രി എച്ച് ഡി ദേവഗൗഡ, മകനും മുന്‍ മുഖ്യമന്ത്രിയുമായ എച് ഡി കുമാരസ്വാമി, കോണ്‍ഗ്രസ്സ് നേതാവ് ഡി കെ ശിവകുമാര്‍ തുടങ്ങിയവര്‍ വൊക്കലിംഗ സമുദായത്തില്‍ നിന്നുള്ള പ്രമുഖ നേതാക്കളാണ്, അത് കൊണ്ട് തന്നെ വൊക്കലിംഗ സമുദായം എന്നും ജെഡിഎസ്സിനും കോണ്‍ഗ്രസ്സിനും ഒപ്പം നിലയുറപ്പിച്ചിട്ടുണ്ട്.
അതേസമയം ലിംഗായത്ത് സമുദായത്തെ പ്രതിനിധീകരിക്കുന്ന പ്രമുഖ ബിജെപി നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ എച്ച് ഡി യെദിയൂരപ്പയാണ്. നിലവിലെ കര്‍ണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയും ലിംഗായത്ത് സമുദായക്കാരനാണ്. 2018 നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉള്‍പ്പെടെ ഈ സമുദായത്തിന്റെ പിന്തുണ ബിജെപിക്ക് ലഭിച്ചിരുന്നു.
തീരപ്രദേശങ്ങളില്‍ ഉള്‍പ്പെടെ 75ലേറെ മണ്ഡലങ്ങളില്‍ മുസ്ലിം, ക്രൈസ്തവ വോട്ട് നിര്‍ണായകമാണ്. കോണ്‍ഗ്രസ്സും, ജെ ഡി എസ്സും ഒറ്റക്ക് മത്സരിക്കുന്ന തെരഞ്ഞെടുപ്പില്‍ സിപിഎം, ആം ആദ്മി പാര്‍ട്ടി, ബി എസ് പി, എസ് ഡി പി ഐ അടങ്ങുന്ന പാര്‍ട്ടികളും ചില മേഖലകളില്‍ മത്സരിക്കുന്നുണ്ട്. നിലവില്‍ 224 അംഗ നിയമസഭയില്‍ ബി.ജെ.പിക്ക് 119 എം.എല്‍.എമാരുണ്ട്. കോണ്‍ഗ്രസിന് 75 സീറ്റുകളും, ജെ ഡി എസ്സിന് 28 സീറ്റ് എന്നിങ്ങനെ ആണ് കണക്കുകള്‍.
Post Your Comments