ഗുരുവായൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വാർത്താ ചിത്രം ഫേസ്ബുക്കിൽ ഷെയർ ചെയ്ത് കോൺഗ്രസ് ബ്ലോക്ക് പ്രസിഡണ്ട്. കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് പ്രസിഡണ്ട് സി.എ ഗോപ പ്രതാപനാണ് തന്റെ ഫേസ്ബുക്കിൽ പ്രധാനമന്ത്രിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് മാതൃഭൂമി പ്രസിദ്ധീകരിച്ച ചിത്രം ഷെയർ ചെയ്തത്. ‘കസവുമുണ്ടും മേൽ മുണ്ടും ധരിച്ച് പ്രധാനമന്ത്രി; പുഷ്പ വൃഷ്ടിയോടെ സ്വീകരിച്ച് ആയിരങ്ങൾ’ എന്ന തലക്കെട്ടോടെയുള്ള മോദിയുടെ വാർത്താ ചിത്രമാണ് ഗോപപ്രതാപന്റെ ഫേസ്ബുക്ക് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ടത്.
അല്പസമയത്തിനകം ചിത്രം ഡിലീറ്റ് ചെയ്യുകയും ചെയ്തു.
സംഭവം ശ്രദ്ധയിൽ പെട്ടതോടെ വിഭാഗം കോൺഗ്രസ് പ്രവർത്തകർ ഫേസ്ബുക്ക് പോസ്റ്റിന്റെ സ്ക്രീൻഷോട്ട് സഹിതം ഗോപപ്രതാപനെതിരെ രംഗത്തെത്തി. കൊച്ചിയിൽ പ്രധാനമന്ത്രിക്കെതിരെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തുന്ന സമയത്ത് ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റിന്റെ മോദി പ്രേമം അംഗീകരിക്കാനാവില്ലെന്ന് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. എന്നാൽ, വീട്ടിലെ കുട്ടികളിൽ നിന്നും സംഭവിച്ച അബദ്ധമാണ് ചിത്രം ഷെയർ ചെയ്യാൻ കാരണമായതെന്ന് ഗോപ്രതാപൻ മാധ്യമങ്ങളോട് പറഞ്ഞു.
സംഭവം ദേശാഭിമാനിയുൾപ്പെടെ വലിയ വർത്തയാക്കിയിരുന്നു. ഇതോടെ ഇദ്ദേഹത്തെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യമുയർന്നു. കോൺഗ്രസ് മുക്ത ഭാരതമെന്ന മുദ്രാവാക്യവുമായി രാഹുൽ ഗാന്ധിയെ രാഷ്ട്രീയമായി അവസാനിപ്പിക്കാൻ എല്ലാ വിധ പരിശ്രമങ്ങളും നടത്തുന്ന മോദിയെ പരസ്യമായി പ്രകീർത്തിക്കാനും അഭിനന്ദിക്കാനും ശ്രമിച്ച കോൺഗ്രസ് ഗുരുവായൂർ ബ്ലോക്ക് പ്രസിഡണ്ട് സി.എ ഗോപ പ്രതാപന്റെ നടപടി തികച്ചും അംഗീകരിക്കാനാവില്ലെന്ന് ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. ടി.എസ് അജിത്ത് പറഞ്ഞു. ഗോപപ്രതാപനെ കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും പുറത്താക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. മോദിയുടെ ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത സംഭവത്തിലായിരുന്നു അഡ്വ. ടി.എസ് അജിത്തിന്റെ പ്രസ്താവന.
Post Your Comments