Latest NewsKeralaNews

പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഇന്ന് കൊടിയേറും

തൃശൂർ: പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന് ഇന്ന്‌ കൊടിയേറും. ഇന്ന് രാവിലെ പാറമേക്കാവിലും തിരുവനമ്പാടിയിലും എട്ട് ഘടക ക്ഷേത്രങ്ങളിലും കൊടിയേറ്റം നടക്കും. തിരുവമ്പാടി ക്ഷേത്രത്തിലാണ് ആദ്യം കൊടിയേറുക.

തിരുവമ്പാടിയിൽ പകൽ 11.30നും 11.45 നും മധ്യേയാണ് കൊടിയേറ്റം. ലാലൂർ, അയ്യന്തോൾ, ചെമ്പുക്കാവ്, പനമുക്കുംപിള്ളി, പൂക്കാട്ടിക്കര കാരമുക്ക, കണിമംഗലം ചൂരക്കാട്ടുകാവ്, നെയ്തലക്കാവ് എന്നീ ഘടക ക്ഷേത്രങ്ങളിലാണ് പൂരം കൊടിയേറുക.
ആലിലയും മാവിലയും ദർഭയും കൊണ്ടലങ്കരിച്ച കവുങ്ങിൻ കൊടിമരം ഉയർത്തുന്നതോടെ പൂരാവേശത്തിലേക്ക് നഗരം കടക്കും.

ഉച്ചയ്‌ക്കു ശേഷം തിരുവമ്പാടിയുടെ പന്തലുകളായ നായ്‌ക്കനാലിലും നടുവിലാലിലും പൂരക്കൊടികളുയർത്തും. വൈകുന്നേരം മൂന്നിനാണ് പൂരം പുറപ്പാട്. നായ്‌ക്കനാലിലും നടുവിലാലിലും നീല, മഞ്ഞ നിറങ്ങളിൽ പൂരപ്പതാകകൾ ഉയർത്തും. ശ്രീമൂലസ്ഥാനത്ത് മേളം കലാശിച്ച ശേഷം നടുവിൽ മഠത്തിൽ ആറാട്ടും കഴിഞ്ഞാണ് ഭഗവതി തിരുവനമ്പാടി ക്ഷേത്രത്തിൽ തിരിച്ചെത്തുക. തുടർന്നുള്ള ദിവസങ്ങളിൽ ഭഗവതി വിവിധ സ്ഥലങ്ങളിൽ പറയെടുപ്പിനും ആറാട്ടിനുമെത്തും.

പാറമേക്കാവ് കൊടിയേറ്റം പകൽ 12-നാണ് നടക്കുക. കൊടിയേറ്റത്തിനുശേഷം പൂരത്തിന്റെ വരവറിയിച്ച് ക്ഷേത്രത്തിലെ പാലമരത്തിലും മണികണ്ഠനാലിലും സിംഹമുദ്രയുള്ള മഞ്ഞക്കൊടി ഉയർത്തും. ഘടകക്ഷേത്രങ്ങളായ ലാലൂർ, അയ്യന്തോൾ, കണിമംഗലം, കാരമുക്ക്, പനമുക്കുംപിള്ളി, ചെമ്പൂക്കാവ്, ചൂരക്കോട്ടുകാവ്, കുറ്റൂർ നെയ്തലക്കാവ് ക്ഷേത്രങ്ങളിലും പൂരത്തിന്റെ വരവറിയിച്ച് കൊടിയേറ്റം നടക്കും. വെള്ളിയാഴ്ച വൈകിട്ടാണ് സാമ്പിൾ വെടിക്കെട്ട്. 30-നാണ് പൂരം. മെയ് ഒന്നിന് പുലർച്ചെ വെടിക്കെട്ടും ഉച്ചക്ക് സമാപന വെടിക്കെട്ടും നടക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button