KeralaLatest NewsNews

ജനനി വീട്ടിലെത്തിയത് മകന് ഭക്ഷണം ഉണ്ടാക്കാൻ; പണിക്കിടെ അമ്മയെ അടിച്ച് നിലത്തിട്ട് പെട്രോളൊഴിച്ച് കത്തിച്ച് മകൻ, ക്രൂരത

തിരുവനന്തപുരം: മധ്യവയസ്കയായ സ്ത്രീയുടെ മൃതദേഹം കുടുംബവീട്ടിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. തിരുവനന്തപുരം ജില്ലയിൽ വക്കം നിലയ്ക്കാമുക്ക് പൂച്ചെടിവിള വീട്ടിൽ ജനനി(59)യെയാണ് ശനിയാഴ്ച രാത്രി രണ്ടരയോടെ വീടിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇവരുടെ മകനെ പോലീസ് അറസ്റ്റ് ചെയ്തു. ഇളയ മകൻ വിഷ്ണു(32)വിനെയാണ്‌ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. അമ്മയെ താൻ കൊലപ്പെടുത്തുകയായിരുന്നുവെന്ന് വിഷ്ണു പോലീസിനോട് കുറ്റസമ്മതം നടത്തി.

വിഷ്ണു ലഹരിയ്ക്ക് അടിമയാണെന്ന് പൊലീസ് പറയുന്നു. ശനിയാഴ്ച രാത്രി രണ്ടരയോടെ കടയ്ക്കാവൂർ പഴഞ്ചിറയിലുള്ള ബന്ധുവീട്ടിലെത്തിയതോടെയാണ് സംഭവം പുറംലോകം അറിഞ്ഞത്. കുടുംബവീട്ടിൽ വച്ച് അമ്മ തീകൊളുത്തി ആത്മഹത്യ ചെയ്യാൻ ശ്രമിച്ചുവെന്നും അമ്മയെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടയിൽ തനിക്കു പരിക്കുപറ്റിയെന്നും വിഷ്ണു ബന്ധുക്കളോട് പറഞ്ഞു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ബന്ധുക്കൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിലുള്ള ജനനിയുടെ മൃതദേഹമാണ്.

ബന്ധുക്കളാണ് വിവരം പോലീസിൽ അറിയിച്ചത്. വിഷ്ണുവിനെ സംശയമുണ്ടെന്ന് ബന്ധുക്കൾ പരാതിപ്പെട്ടതോടെയാണ് പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. കൈകാലുകൾക്കു പരിക്കും പൊള്ളലുമേറ്റ ഇയാളെ തിരുവനന്തപുരം മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ജനനി ഭർത്താവുമായി നേരത്തെ വിവാഹബന്ധം വേർപെടുത്തിയിരുന്നു. ജനനിക്ക് വിഷ്ണുവിനെക്കൂടാതെ ബിജിൻ, ബിജി എന്നിങ്ങനെ രണ്ടു മക്കൾകൂടിയുണ്ട്. ജനനിയും മക്കളും കുടുംബവീട്ടിലാണ് താമസിച്ചിരുന്നത്. വിഷ്ണുവിന്റെ ലഹരി ഉപയോഗവും, മർദ്ദനവും സഹിക്കവയ്യാതായതോടെ ജനനിയും ബിജിനും മറ്റൊരു വീട്ടിലേക്ക് താമസം മാറിയിരുന്നു.

കുടുംബവീട്ടിൽ വിഷ്ണു തനിച്ചാണ് കുറച്ചുകാലമായി താമസിക്കുന്നത്. മാസങ്ങൾക്കു മുൻപ് ഒരപകടത്തിൽ വിഷ്ണുവിന് പരിക്കേറ്റിരുന്നു. പരിക്കേറ്റ വിഷ്ണുവിന് ആഹാരമുണ്ടാക്കിക്കൊടുക്കാനായി ജനനി എന്നും ഈ വീട്ടിലെത്തിയിരുന്നു. ഭക്ഷണം ഉണ്ടാക്കി വെച്ചശേഷം ജനനി എന്നും തിരികെ പോകുമായിരുന്നു. അന്നും പതിവ് പോലെ ഭക്ഷണം ഉണ്ടാക്കാനായിട്ടായിരുന്നു ജനനി വീട്ടിലെത്തിയത്. ഉറങ്ങിക്കിടക്കുകയായിരുന്ന വിഷ്ണു എഴുന്നേറ്റ് വന്ന് അമ്മയെ ആക്രമിക്കുകയായിരുന്നു. മർദ്ദിച്ച് താഴെയിട്ട ശേഷം പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു. തിരുവനന്തപുരം റൂറൽ എസ്.പി. ഡി.ശില്പ, വർക്കല ഡിവൈ.എസ്.പി. സി.ജെ.മാർട്ടിൻ എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button