Latest NewsIndiaNews

വിവാഹധനസഹായത്തിന് അപേക്ഷിച്ച സ്ത്രീകൾക്ക് ഗർഭനിർണ്ണയ പരിശോധന: മൗലികാവകാശങ്ങളുടെ ലംഘനമെന്ന് കോണ്‍ഗ്രസ്‌

ഭോപ്പാൽ: വിവാഹ സഹായധനത്തിനുള്ള അപേക്ഷ നൽകിയ സ്ത്രീകൾക്ക് ഗർഭനിർണ്ണയ പരിശോധന നടത്തിയ സംഭവത്തിൽ മധ്യപ്രദേശിലെ ബി.ജെ.പി. സർക്കാരിനെതിരേ പ്രതിപക്ഷം. ‘മുഖ്യമന്ത്രി കന്യാദാൻ യോജന’ പ്രകാരം 55,000 രൂപയാണ് സർക്കാർ ധനസഹായം നൽകുന്നത്. യുവതികൾക്ക് 49,000 രൂപയും സമൂഹവിവാഹം നടത്തുന്നതിന് 6,000 രൂപയുമാണ് സഹായം. ഈ തുക അനുവദിക്കുന്നതിന് മുന്നോടിയായി യുവതികൾക്ക് ഗർഭപരിശോധന നടത്തിയെന്നാണ് കോൺഗ്രസിന്റെ ആരോപണം.

മധ്യപ്രദേശിലെ ടിംടൗരി ജില്ലയിലാണ് സമൂഹവിവാഹത്തിന് മുമ്പായി യുവതികൾക്ക് ഗർഭനിർണ്ണയ പരിശോധന നടത്തിയത്. പരിശോധനയിൽ ഗർഭിണികളാണെന്ന് കണ്ടെത്തിയവർക്ക് സഹായധനം നിഷേധിച്ചുവെന്ന ആരോപണവുമായി കോൺഗ്രസ് എം.എൽ.എ. ഓംകാർ സിങ് രംഗത്തെത്തി. ഇത്തരം പരിശോധന യുവതികളുടെ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണെന്നും അദ്ദേഹം ആരോപിച്ചു. സംഭവം മുഖ്യമന്ത്രിയുടേയും പ്രധാനമന്ത്രിയുടേയും ശ്രദ്ധയിൽപ്പെടുത്തുമെന്നും ഓംകാർ സിങ് അറിയിച്ചു.

എന്നാൽ, വിവാഹത്തിന് മുന്നോടിയായി നടത്തിയ അരിവാൾ രോഗ നിർണ്ണയവുമായി ബന്ധപ്പെട്ടാണ് പരിശോധന നടത്തിയതെന്നാണ് ബി.ജെ.പിയുടെ വിശദീകരണം. യുവതികളുടെ ആരോഗ്യനില സംബന്ധിച്ച് വിവിധ പരിശോധനകൾ നടത്തിയിരുന്നു. ഇതിന്റെ ഭാഗമായാണ് ഗർഭപരിശോധനയും നടത്തിയത്. തുടർന്ന് ഏതാനും യുവതികൾ ഗർഭിണികളാണെന്ന് കണ്ടു. അവർ വിവാഹിതരാണെന്ന് കരുതിയാണ് സമൂഹവിവാഹത്തിനുള്ള പട്ടികയിൽ നിന്ന് ഒഴിവാക്കിയതെന്നും ബി.ജെ.പി. ജില്ലാ പ്രസിഡന്റ് അവധ് രാജ് ബിലായ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button