രാജ്യം നേരിടുന്ന വിഷയങ്ങള്‍ ഉയര്‍ത്തി പ്രധാനമന്ത്രിയോട് നൂറ് ചോദ്യങ്ങള്‍ ചോദിച്ച ഡി.വൈ.എഫ്.ഐയെ പരിഹസിച്ച് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍ രംഗത്തെത്തിയിരുന്നു. കേരളത്തിലെ ആശുപത്രികളില്‍ ഡി.വൈ.എഫ്.ഐ നേതൃത്വത്തില്‍ നടക്കുന്ന ഹൃദയപൂര്‍വ്വം ഭക്ഷണ വിതരണ പരിപാടിയെ സുരേന്ദ്രൻ വിശേഷിപ്പിച്ചത് തീറ്റ മത്സരം എന്നായിരുന്നു. സുരേന്ദ്രന് മറുപടിയുമായി യുവരാഷ്ട്രീയ നേതാവ് എസ്.ആർ അരുൺബാബു രംഗത്ത്.
ഡി.വൈ.എഫ്.ഐ ശേഖരിക്കുന്ന പൊതിച്ചോറിന്റെ നന്മയെ കുറിച്ചാണ് അരുൺബാബു ഫേസ്‌ബുക്കിൽ കുറിച്ചത്. കേരളത്തിന്റെ അമ്മ മനസ്സ് സ്നേഹത്തിന്റെ കണിക കൂടി ചേർത്തു പൊതിഞ്ഞു നൽകുന്ന പൊതിച്ചോറുകൾ അവർ ഏറ്റുവാങ്ങുന്നത് അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിലെ വോട്ട് ലക്ഷ്യം വെച്ചല്ലെന്ന് അരുൺബാബു വ്യക്തമാക്കുന്നു.
അരുൺബാബുവിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
സുരേന്ദ്രാ, താങ്കളെ ഞങ്ങൾ ക്ഷണിക്കുകയാണ്. കേരളത്തിന്റെ എല്ലാ ജില്ലകളിലും ഏതെങ്കിലും ഒക്കെ ഗ്രാമങ്ങളിൽ വീട് വീടാന്തരം അതിരാവിലെ ഓടിയെത്തുന്ന കുറച്ചു ചെറുപ്പക്കാരെ കാണുവാൻ വേണ്ടി. ഒരു ദിനം താങ്കൾ അവരെ കാണണം.അവരുടെ സകല ആവലാതികൾക്കും അവധി കൊടുത്തുകൊണ്ട് അവർ അതിരാവിലെ വീടുകൾ കയറിയിറങ്ങുന്നത് എന്തിനാണെന്ന് താങ്കൾ അവരോട് ചോദിക്കണം. അന്നുവരെ കണ്ടിട്ടില്ലാത്ത, മതമേതെന്ന് അറിയാത്ത, ജാതിയേതെന്നറിയാത്ത, ദേശമേതെന്നറിയാത്ത ഏതോ മനുഷ്യൻ തങ്ങൾ ശേഖരിച്ചു കൊടുത്തുവിടുന്ന പൊതിച്ചോറിനായി കാത്തിരിപ്പ് ഉണ്ടാകുമെന്ന ചിന്തയിലാണ് ആ ചെറുപ്പക്കാർ അതിരാവിലെ വീടുവിടാന്തരം കയറിയിറങ്ങുന്നത്.
കേരളത്തിന്റെ അമ്മ മനസ്സ് സ്നേഹത്തിന്റെ കണിക കൂടി ചേർത്തു പൊതിഞ്ഞു നൽകുന്ന പൊതിച്ചോറുകൾ അവർ ഏറ്റുവാങ്ങുന്നത് അടുത്ത പാർലമെന്റ് തിരഞ്ഞെടുപ്പിലെ വോട്ട് ലക്ഷ്യം വച്ചല്ല സുരേന്ദ്രാ…. മറിച്ച് വയറെരിയുന്ന കാരണം കൊണ്ട് ഒരു മിഴി പോലും ഈ നാട്ടിൽ നിറഞ്ഞു തുളുമ്പരുതെന്ന നിശ്ചയദാർഢ്യം കൊണ്ടാണ്. ഭക്ഷണപ്പൊതികൾ ഏറ്റുവാങ്ങി ജില്ലാ ആശുപത്രികളിലേക്കും മെഡിക്കൽ കോളേജുകളിലേക്കും ഉച്ചവെയിലിന്റെ കാഠിന്യം തെല്ലും വകവയ്ക്കാതെ സമയമാപിനികളോട് പടവെട്ടിക്കൊണ്ടവർ ഓടിച്ചെല്ലുമ്പോൾ സുരേന്ദ്രൻ ഒരിക്കലെങ്കിലും ആ വഴിയിൽ ഒന്ന് പോകണം. ജില്ലാ ആശുപത്രികളിൽ, മെഡിക്കൽ കോളേജുകളിൽ ആ ചെറുപ്പക്കാരെ കാത്തുനിൽക്കുന്ന മനുഷ്യരെ സുരേന്ദ്രൻ ഒന്ന് കാണണം. ആകുലതകൾക്കും,വേദനകൾക്കുമിടയിലും തങ്ങളെ സാന്ത്വനിപ്പിക്കുന്ന ആ ചെറുപ്പക്കാരോട് ആ മനുഷ്യർക്ക് തോന്നുന്ന സ്നേഹത്തെ സുരേന്ദ്രൻ കാണണം.ഇതാണ് ഞങ്ങളുടെ നാട് എന്ന് അഭിമാനത്തോടെ പറയാതെ പറയുന്ന ആ മനുഷ്യരുടെ മുഖത്തേക്ക് സുരേന്ദ്രൻ ഒന്ന് നോക്കണം.
അരമനകളിലെ അത്താഴവിരുന്നിൽ ക്ഷണിക്കാത്ത അതിഥിയായി ചെന്ന് കയറുമ്പോൾ കിട്ടുന്ന മനസുഖമല്ല സുരേന്ദ്രാ ജീവിതം.അപരന്റെ ആകുലതകളെ അപഹസിക്കുന്നതുമല്ല ജീവിതം.തമ്മിലടിപ്പിച്ചും, ഭിന്നിപ്പിച്ചും, വെട്ടിപ്പിടിക്കുന്നതും , പറ്റിച്ചെടുക്കുന്നതുമൊക്കെ സുരേന്ദ്രന് തരുന്ന സന്തോഷത്തേക്കാൾ പതിനായിമിരട്ടി സന്തോഷമുണ്ടാകും ഒരു പൊതിച്ചോറ് കൃത്യമായി ആശുപത്രി വരാന്തയിലേക്ക് എത്തിച്ചു കൊടുക്കുന്ന ഒരു സഖാവിന്.അത് മനസ്സിലാക്കാൻ, ഒരു ദിവസമെങ്കിൽ ഒരുദിവസം ഈ ഭൂമിയിൽ മനുഷ്യനായി ജീവിക്കാൻ മസ്തിഷ്കത്തിലെ മാലിന്യങ്ങളെ നീക്കം ചെയ്യാൻ എന്നെങ്കിലും അവസരം കിട്ടുമെങ്കിൽ സുരേന്ദ്രാ നിങ്ങൾ ഒരു ദിവസം ആ ചെറുപ്പക്കാരെ കാണുവാൻ പോകണം. മതമല്ല,മതമല്ല, മതമല്ല പ്രശ്നം എരിയുന്ന വയറിന്റെ തീയാണ് പ്രശ്നമെന്ന് അന്നെങ്കിലും താങ്കൾ പഠിക്കുമായിരിക്കും. വിശക്കുന്ന മനുഷ്യാ പുസ്തകം കയ്യിലെടുക്കു അതൊരു ആയുധമാണെന്ന് പറഞ്ഞത് ബർത്തോൾഡ് ബ്രഹ്ത് ആണ്. വർഗീയത മുഖമുദ്രയാക്കിയ സുരേന്ദ്രാ, അന്യന്റെ ഒരു നേരത്തെ വിശപ്പടക്കാൻ ഒരു പൊതിച്ചോറ് കെട്ടിക്കൊടുക്കൂ, അത് താങ്കളുടെ രോഗത്തിനുള്ള ഔഷധം കൂടിയാണെന്ന് DYFI പറയുന്നു.
Post Your Comments