Latest NewsIndia

‘ഇതെല്ലാം ശരിയാണെങ്കിൽ ഗവർണറായിരുന്നപ്പോൾ എന്താണ് മിണ്ടാതിരുന്നത്? മറച്ചുവെക്കേണ്ട ഒരു കാര്യവും സർക്കാർ ചെയ്തിട്ടില്ല’

ബെം​ഗളൂരു: ജമ്മു കശ്മീർ മുൻ ഗവർണർ സത്യപാൽ മാലിക്കിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച സിബിഐ നടപടിയിൽ പ്രതികരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ബിജെപി സർക്കാരിനെതിരെ ഉന്നയിച്ച ആരോപണങ്ങളുമായി സിബിഐ നടപടിക്ക് ബന്ധമില്ലെന്ന് അമിത് ഷാ പറഞ്ഞു. അദ്ദേഹത്തെ മുൻപും സിബിഐ ചോദ്യം ചെയ്തിട്ടുണ്ട്. അതിനും ബിജെപി സർക്കാരിനും എന്താണ് ബന്ധം എന്നദ്ദേഹം ചോദിച്ചു.

‘എന്റെ വിവരമനുസരിച്ച്, മാലിക്കിനെ ഇതിന് മുമ്പ് രണ്ട് തവണ ചോദ്യം ചെയ്യലിന് വിളിച്ചിട്ടുണ്ട്. അന്വേഷണത്തിൽ എന്തെങ്കിലും പുതിയ വിവരങ്ങളോ തെളിവുകളോ ലഭിച്ചിട്ടുണ്ടാകും. ഞങ്ങൾക്കെതിരെ സംസാരിച്ചതിനാണ് സിബിഐ വിളിപ്പിച്ചതെന്ന ആരോപണത്തിൽ യാതൊരു തെളിവുമില്ല,’ അമിത് ഷാ പറഞ്ഞു.

ബിജെപി സർക്കാരിനെതിരായ മാലിക്കിന്റെ ആരോപണങ്ങളെ കുറിച്ചുളള ചോദ്യത്തിന് എന്തുകൊണ്ടാണ് ഈ കാര്യങ്ങൾ ഇപ്പോൾ ഓർമ്മയിൽ വന്നതെന്ന് അദ്ദേഹത്തോട് ചോദിക്കണമെന്ന് അമിത് ഷാ പറഞ്ഞു.

‘അധികാരത്തിലിരിക്കുമ്പോൾ എന്ത് കൊണ്ട് പറഞ്ഞില്ല. ഇതെല്ലാം ശരിയാണെങ്കിൽ ഗവർണറായിരുന്നപ്പോൾ എന്താണ് മിണ്ടാതിരുന്നത്. മറച്ചുവെക്കേണ്ട ഒരു കാര്യവും ബിജെപി സർക്കാർ ചെയ്തിട്ടില്ലെന്ന് രാജ്യത്തെ ജനങ്ങളോട് പറയാൻ ഞാൻ ആഗ്രഹിക്കുന്നു. വ്യക്തിപരവും രാഷ്ട്രീയവുമായ താൽപ്പര്യങ്ങൾക്കുവേണ്ടിയാണ് ചില പരാമർശങ്ങൾ നടത്തുന്നതെങ്കിൽ, ജനങ്ങളും മാധ്യമങ്ങളും അത് വിലയിരുത്തണം,’ അമിത് ഷാ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button