KeralaLatest NewsNews

‘ഞങ്ങളുടെ അനുഭവം മറിച്ചാണ്, വേർതിരിവ് കാണാനില്ല’: നിഖില വിമലിന്റെ അഭിപ്രായത്തോട് വിയോജിച്ച് എം.വി ജയരാജൻ

കണ്ണൂര്‍: മുസ്ലീം വിവാഹ ചടങ്ങുകളില്‍ സ്ത്രീകൾ വിവേചനം നേരിടുന്നുണ്ടെന്ന് തുറന്നു പറഞ്ഞ നടി നിഖില വിമലിന്റെ അഭിപ്രായത്തോട് വിയോജിച്ച് സി.പി.ഐ.എം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍. തങ്ങളുടെ അനുഭവം മറിച്ചാണെന്നും കല്ല്യാണത്തിന് പോയ ഇടങ്ങളില്‍ സ്ത്രീകളോ പുരുഷന്മാരോയെന്ന പ്രത്യേക വേര്‍തിരിവ് കാണാനില്ലെന്നും അദ്ദേഹം പറഞ്ഞു. സ്ത്രീകള്‍ പ്രത്യേകം ഒരിടത്ത് ഭക്ഷണസ്ഥലം കാണുന്നുവെന്നല്ലാതെ, മഹാഭൂരിപക്ഷം സ്ഥലത്തും സ്ത്രീകളും കുട്ടികളും പുരുഷന്മാരും കുടുംബത്തോടെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതാണ് കാണാറുള്ളതെന്നും എം വി ജയരാജന്‍ പറഞ്ഞു.

‘മുസ്ലീം സമുദായത്തില്‍ വളരെ മുമ്പ് തന്നെ സ്ത്രീകളോട് വിവേചനം ഉണ്ടായിരുന്നു. വിദ്യാഭ്യാസം പാടില്ലെന്നായിരുന്നു പ്രത്യേകിച്ചും. ഇന്ന് ആ സ്ഥിതി മാറി. മുസ്ലീം പെണ്‍കുട്ടികളാണ് മെഡിക്കല്‍ ബിരുദം ഉള്‍പ്പെടെയുള്ള മേഖലയിലുള്ളത്. കാലങ്ങളായി ആ സമുദായത്തിന്റെ നവോത്ഥാന ചിന്തയില്‍ വന്ന മാറ്റങ്ങളുടെ ഫലമായിട്ടാണിത്. സമാനമായ മാറ്റം ആചാര അനുഷ്ടാനങ്ങളിലും ഉണ്ടാവണം. അത് സമുദായത്തിനകത്തെ ആളുകള്‍ മുന്‍കൈ എടുത്ത് ചെയ്യേണ്ടതാണ്. വിവാഹം കഴിഞ്ഞാല്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പുരുഷന്മാര്‍ താമസിക്കുന്ന സംവിധാനം ഉണ്ടായിരുന്നു. അത് മറ്റ് സ്ഥലങ്ങളില്‍ നിന്നും വ്യത്യസ്തമായ രീതിയാണ്. അതിലൊക്കെ മാറ്റം വന്നിട്ടുണ്ട്. ഹിന്ദുസമുദായത്തിലും ചില ആചാരാനുഷ്ടാനങ്ങള്‍ ഉണ്ട്. അതിലും കാലികമായ മാറ്റങ്ങള്‍ പിന്നീട് ഉണ്ടാവുകയാണ് ചെയ്തത്’, ജയരാജൻ പറഞ്ഞു.

സമൂഹത്തില്‍ വളര്‍ന്നുവരുന്ന സ്ത്രീ പുരുഷ സമത്വ മനോഭാവം ഇത്തരം ആളുകളില്‍ എത്തിയിട്ടില്ലന്നേ ഇപ്പോള്‍ കാണാന്‍ കഴിയൂവെന്നും അദ്ദേഹം പറഞ്ഞു. ഇതൊക്കെ സ്ത്രീകളോടുള്ള വിരോധം കൊണ്ടാണെന്ന് പറയാന്‍ കഴിയില്ല. പക്ഷേ, ഇന്നത്തെ കാലത്ത് എല്ലാവരും ഒന്നിച്ച് ഭക്ഷണം കഴിക്കുന്നതാണ് നല്ലതെന്നും എം വി ജയരാജന്‍ കൂട്ടിചേര്‍ത്തു. അഭിപ്രായം പറഞ്ഞയാളെ വേട്ടയാടുന്നത് ശരിയല്ല. സ്വാധിഷ്ടമായ കഞ്ഞി കൊടുക്കുമ്പോള്‍ അത് കമ്മ്യൂണിസ്റ്റുകാരുടേതാണെന്ന് പറഞ്ഞ് വേട്ടായുന്നത് പോലെയാണിത്. സ്ത്രീപുരുഷ സമത്വം അനിവാര്യമാണ്. സ്ത്രീയും പുരുഷനും ചേര്‍ന്നതാണ് കുടുംബം. വീട്ടില്‍ സ്ത്രീയും പുരുഷനും ഒരുമിച്ചിരുന്നല്ലേ ഭക്ഷണം കഴിക്കുന്നത്. പുരുഷന്മാര്‍ക്ക് ഭക്ഷണം വിളമ്പിക്കൊടുക്കാന്‍ മാത്രമുള്ള ആളാണ് സ്ത്രീയെന്ന് പറയാന്‍ പറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button