മെഗാസ്റ്റാർ മമ്മൂട്ടിയുടെ കുടുംബത്തിൽ ദുഃഖവാർത്ത. മമ്മൂട്ടിയുടെ ഉമ്മ ഫാത്തിമ ഇസ്മായിലിന്റെ മരണം താരത്തിന്റെ ആരാധകരെ നിരാശയിലാഴ്ത്തിയിരിക്കുകയാണ്. 93 വയസ്സ് ആയിരുന്ന ഉമ്മ വാർദ്ധക്യ സഹജമായ രോഗങ്ങളെ തുടർന്നാണ് അന്തരിച്ചത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് വെള്ളിയാഴ്ച്ച പുലർച്ചെയായിരുന്നു അന്ത്യം. മമ്മൂട്ടിയെ കുറിച്ച് ഉമ്മ മുൻപ് പറഞ്ഞ വാക്കുകൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു.
പരേതനായ പാണപറമ്പിൽ ഇസ്മയിലിന്റെ ഭാര്യയാണ്. ഇസ്മയിൽ ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. പ്രശസ്ത ചലച്ചിത്ര സീരിയൽ നടൻ ഇബ്രാഹിംകുട്ടി, സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് മറ്റുമക്കൾ. മമ്മൂട്ടി എന്നും തനിക്ക് മമ്മൂഞ്ഞ് ആണെന്നായിരുന്നു ഉമ്മയുടെ പ്രതികരണം. മുഹമ്മദ്‌കുട്ടി എന്ന പേര് മാറ്റി മമ്മൂട്ടി ആക്കിയതിനെ കുറിച്ചായിരുന്നു അവർ പറഞ്ഞത്. ഒരിക്കൽ മാതൃഭൂമിയിൽ എഴുതിയ ഒരു കുറിപ്പിൽ മമ്മൂട്ടിയ കുറിച്ച് ഉമ്മ ഫാത്തിമ ഏറെ വാചാല ആയിരുന്നു.
‘വല്യുപ്പയുടെ പേരായിരുന്നു അവനിട്ടത് മുഹമ്മദ് കുട്ടി. അത് പിന്നെ മമ്മൂട്ടിയായി. ഇന്ന് മലയാള സിനിമയുടെ അടയാളമാണ് ആ പേര്. എന്നാൽ മമ്മൂട്ടി എന്നു പേരുമാറ്റിയപ്പോൾ ഒരുപാട് അവനെ വഴക്കുപറഞ്ഞിട്ടുണ്ട്. ഇന്ന് ആ പേരിൽ ഞാനും ഏറെ സന്തോഷിക്കുന്നുണ്ടെങ്കിലും എനിക്ക് മാത്രം അന്നും ഇന്നും എന്നും അവൻ മമ്മൂഞ്ഞ് ആണ്. വിവാഹം കഴിഞ്ഞ് അഞ്ച് കൊല്ലമാണ് ഒരു കുഞ്ഞിനു വേണ്ടി തങ്ങൾ കാത്തിരുന്നത്. അത്രയ്ക്ക് കൊതിച്ചുണ്ടായ കുട്ടിയായതിനാൽ എല്ലാവരും ഏറെ പുന്നാരിച്ചിരുന്നു.
വല്യുപ്പയും വല്യുമ്മയുമാണ് അവനെ വളർത്തിയത്. ജനിച്ച് എട്ടാം മാസത്തിൽ തന്നെ മകൻ മുലകുടി നിർത്തിയിരുന്നു. പാലൊക്കെ അന്നേ കുടിച്ച് തീർത്തതു കാരണമാകാം ഇന്ന് അവന് പാൽച്ചായ വേണ്ട കട്ടൻ മാത്രമാണ് കുടിക്കുന്നത്. ചെറുപ്പത്തിൽ തന്നെ മമ്മൂട്ടിയുടെ മനസിൽ സിനിമയായിരുന്നു. ആദ്യമായി സിനിമ കാണിക്കുന്നത് ബാപ്പയാണ്. ചെമ്പിലെ കൊട്ടകയിൽ കൊണ്ടുപോയാണ് സിനിമ കാണിക്കുന്നത്. പിന്നെ അനിയന്മാരുടെ കൂടെയായി പോക്ക്. ഒരു സിനിമ പോലും വിടുമായിരുന്നില്ല’, ഉമ്മ പറഞ്ഞിരുന്നു.
Post Your Comments