കാഞ്ഞിരപ്പള്ളി: ലൈൻമാനെ ആക്രമിച്ച കേസിൽ മൂന്നു യുവാക്കൾ അറസ്റ്റിൽ. കാഞ്ഞിരപ്പള്ളി കോവിൽകടവ് പാറക്കൽ ഷെഹീർ ലത്തീഫ് (39), പാറക്കടവ് പുതുപറമ്പിൽ നജീബ് ഷിബിലി (27), മണ്ണാറക്കയം അഞ്ചലിപ്പ തൈപ്പറമ്പിൽ അബ്ദു ഷാജി (23) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്. കാഞ്ഞിരപ്പള്ളി വൈദ്യുതി സെക്ഷൻ ഓഫീസിലെ ലൈൻമാനെയാണ് ആക്രമിച്ചത്.
ഇവർ മൂവരം ചേർന്ന് കാഞ്ഞിരപ്പള്ളി വൈദ്യുതി സെക്ഷൻ ഓഫീസിലെ ലൈൻമാനായ സുബൈർമോനെയാണ് ബൊലേറോ വാഹനത്തിലെത്തി പാറക്കടവ് ഭാഗത്തേക്കുള്ള വഴിയിൽ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തുകയും വസ്ത്രം വലിച്ചുകീറി ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്തത്. കൂടാതെ ഇയാളുടെ കൈയിലിരുന്ന ഡിസ്കണക്ഷൻ ലിസ്റ്റ് വലിച്ചുകീറുകയും ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തുകയുമായിരുന്നു. ബിർള കോളനി ഭാഗത്ത് വൈദ്യുതി കണക്ഷൻ കുടിശിക വരുത്തിയ വീട്ടിലെത്തി വൈദ്യുതി കണക്ഷൻ വിച്ഛേദിക്കുമെന്ന് അറിയിച്ചതിലുള്ള വിരോധം മൂലമാണ് ലൈൻമാനെ ആക്രമിച്ചത്.
പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പൊലീസ് ചീഫ് കെ. കാർത്തികിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം യുവാക്കളെ പിടികൂടുകയുമായിരുന്നു. യുവാക്കൾക്കെതിരെ ആക്രമണത്തിനു കൂടാതെ ഔദ്യോഗിക കൃത്യനിർവഹണത്തിന് തടസം സൃഷ്ടിച്ചതിനും കേസ് രജിസ്റ്റർ ചെയ്തു.
കാഞ്ഞിരപ്പള്ളി സ്റ്റേഷൻ എസ്എച്ച്ഒ ഷിന്റോ പി. കുര്യൻ, എസ്ഐ രാജേഷ് കുമാർ, സിപിഒമാരായ പ്രകാശ്, ബോബി, വിമൽ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി.
Post Your Comments