തിരുവനന്തപുരം: യുകെയില്‍ പോകാനുള്ള വിസയും ടിക്കറ്റും എടുത്തു നല്‍കാമെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് പണം തട്ടിയെടുത്ത മധ്യവയസ്കൻ പൊലീസ് പിടിയിൽ. തിരുവല്ലം ഷാരൂണ്‍ വില്ലയില്‍ ഷാഹുല്‍ ഹമീദ് മകന് ഷിറാഫിനെ (52 വയസ്) ആണ് അറസ്റ്റ് ചെയ്തത്. പൂന്തുറ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
പൂന്തുറ സ്വദേശിയായ സില്വപിള്ളയുടെ മകനും മരുമകനും യുകെയില്‍ പോകുന്നതിനുള്ള വിസയും വിമാന ടിക്കറ്റും എടുത്തു നല്‍കാമെന്ന് പറഞ്ഞ്, ഗൂഗിള്‍ പേ വഴിയും അക്കൗണ്ട് ട്രാന്സ്ഫര്വഴിയും ഏഴു ലക്ഷത്തോളം രൂപ തട്ടിയെടുത്ത ശേഷം തമിഴ്നാട്ടിലും കേരളത്തിലും പല സ്ഥലങ്ങളിലുമായി പ്രതി ഒളിവില്‍ താമസിച്ചു വരികയായിരുന്നു.
ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണറുടെ നിര്‍ദ്ദേശാനുസരണം പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് പൂന്തുറ പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്തത്. തമിഴ്നാട്ടിലും കേരളത്തിലെ വിവിധ സ്ഥലങ്ങളിലും അന്വേഷണം നടത്തി വരവേ കൊല്ലത്തു നിന്നും പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പൂന്തുറ പൊലീസ് ഇന്‍സ് പെക്ടര്‍ ജെ.പ്രദീപ്, എസ്ഐമാരായ അരുണ്‍ കുമാര്‍, ജയപ്രകാശ്, എസ്സിപിഒ ബിജു ആർ.നായര്‍, സിപിഒമാരായ കൃഷ്ണകുമാര്‍, ദീപു എന്നിവര്‍ അടങ്ങിയ സംഘമാണ് അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments