KeralaLatest NewsNews

വയർ വേദനയെ തുടര്‍ന്ന് എത്തിയെങ്കിലും മടക്കി അയച്ചു, വീട്ടിൽ പ്രസവിച്ചു, കുഞ്ഞ് മരിച്ചു: താലൂക്കാശുപത്രിക്കെതിരെ കുടുംബം

ചേർത്തല: ചേർത്തല താലൂക്കാശുപത്രി വീണ്ടും വിവാദത്തില്‍. ആറാം മാസത്തിൽ പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിച്ച സംഭവത്തില്‍ ആശുപത്രിയിലെ ഡോക്ടർമാരുടെ അനാസ്ഥയെന്ന് ആരോപിച്ച് യുവതിയുടെ കുടുംബം. ഇവര്‍ ആരോഗ്യമന്ത്രിക്ക് ഉൾപ്പടെ പരാതി നൽകി.

കഞ്ഞിക്കുഴി പഞ്ചായത്ത് ഏഴാം വാർഡ് വേലിക്കകത്ത് ഉണ്ണിക്കണ്ണന്റെ ഭാര്യ ധന്യയുടെ ( 32 ) രണ്ടാമത്തെ പ്രസവത്തിലാണ് കുഞ്ഞ് മരിച്ചത്.

ധന്യ ഗർഭാവസ്ഥ മുതൽ ചികിത്സ നടത്തുന്നത് ചേർത്തല താലൂക്കാശുപത്രിയിലായിരുന്നു. ചൊവ്വാഴ്ച രാത്രി 2.45 ഓടെ വയർ വേദനയെ തുടർന്ന് താലൂക്കാശുപത്രി അത്യാഹിതവിഭാഗത്തിലെത്തി ഡ്യൂട്ടി ഡോക്ടറെ കണ്ടു. ചില മരുന്നുകൾ നൽകി നീരീക്ഷണ മുറിയിലേയ്ക്ക് അയച്ചു. ഇവർ നൽകിയ ഒപി ചീട്ടിൽ ഗൈനക്കോളജിസ്റ്റിനെ കാണിക്കണമെന്നും എഴുതിയിരുന്നു. സാധാരണ ഗർഭിണികൾക്ക് പതിവിൽ കവിഞ്ഞ ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ഡ്യൂട്ടി ഡോക്ടർ തന്നെ ഗൈനക്കോളജിസ്റ്റിനെ നേരിട്ട് വിളിച്ച് ചികിത്സ ഉറപ്പാക്കാറുണ്ട്. എന്നാൽ ഇവരെ സംബന്ധിച്ച് അത് ഉണ്ടായില്ലെന്നാണ് ധന്യയുടെ ഭർത്താവ് പറയുന്നത്. ബുധനാഴ്ച പുലർച്ചെ ആശുപത്രി വിട്ട് വീട്ടിൽ പോയെങ്കിലും രാവിലെ ഏഴ് മണിയോടെ വയർ വേദന അസഹ്യമായി. വീണ്ടും ആശുപത്രിയിലേയ്ക്ക് പോകുവാൻ വാഹനത്തിൽ കയറാനൊരുങ്ങുമ്പോൾ വീട്ടിൽ വച്ചു തന്ന ധന്യ 650 ഗ്രാം തൂക്കമുള്ള ആൺകുഞ്ഞിനെ പ്രസവിക്കുകയായിരുന്നു.

ആശുപത്രിയിൽ നല്ല രീതിയിൽ ചികിത്സ കിട്ടിരുന്നെങ്കിൽ ഇങ്ങനെ സംഭവിക്കില്ലായിരുന്നുവെന്ന് ഭർത്താവ് പറഞ്ഞു. കുഞ്ഞിനെയും അമ്മയെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും കുഞ്ഞ് മരിച്ചു. മരിച്ച കുഞ്ഞിനെ വീട്ടിലേയ്ക്ക് കൊണ്ടുപോകാൻ മാതാപിതാക്കൾക്ക് താത്പര്യമിലെന്ന് ആശുപത്രി അധികൃതരെ അറിയിച്ചതിനാൽ ആശുപത്രി അധികൃതർ കുട്ടിയെ ഏറ്റെടുത്ത് സംസ്ക്കരിക്കും. ഇതേ തുടർന്ന് ആരോഗ്യ മന്ത്രി, ജില്ലാ മെഡിക്കൽ ഓഫീസർ, ചേർത്തല ഡിവൈഎസ്പി എന്നിവർക്ക് ധന്യയുടെ കുടുംബം ചികിത്സാ പിഴവ് കാട്ടി പരാതി നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button