ന്യൂഡല്‍ഹി: ശബരിമല തിരുവാഭരണത്തിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട കേസ് സുപ്രീംകോടതി മൂന്നാഴ്ച്ച കഴിഞ്ഞ് പരിഗണിക്കുന്നതിനായി മാറ്റി. അന്തരിച്ച രേവതി തിരുനാള്‍ പി രാമവര്‍മ്മ രാജയ്ക്ക് പകരം പുതിയ നോമിനിയെ കക്ഷിയാക്കുന്നതില്‍ ദേവസ്വം ബോര്‍ഡിന് മറുപടി നല്‍കാനുണ്ടെന്ന് അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് മാറ്റിവെച്ചത്. മറുപടി രേഖാമൂലം സമര്‍പ്പിക്കാനുളള സമയവും കോടതി നല്‍കിയിട്ടുണ്ട്.
പ്രധാന ഹര്‍ജിക്കാരനായിരുന്ന രേവതിനാള്‍ പി രാമ വര്‍മ രാജ അന്തരിച്ച സാഹചര്യത്തില്‍ തന്നെ പകരം ഹര്‍ജിക്കാരനാക്കണമെന്ന് മകയിരം നാള്‍ രാഘവ വര്‍മ്മ രാജ അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, ഇതിനെ ദേവസ്വം ബോര്‍ഡ് എതിര്‍ത്തു. തുടര്‍ന്നാണ് രേഖാമൂലം നിലപാട് അറിയിക്കാന്‍ ബെഞ്ച് ദേവസ്വം ബോര്‍ഡിനോട് നിര്‍ദേശിച്ചത്.
തിരുവാഭരണം ദേവസ്വം ബോര്‍ഡിനു കൈമാറണമെന്ന 2006ലെ ദേവപ്രശ്‌ന വിധിയെ എതിര്‍ത്തുകൊണ്ടുള്ളതാണ് ഹര്‍ജി. ഹര്‍ജി പരിഗണിക്കുന്നതിനിടെ തിരുവാഭരണത്തിന്റെ സുരക്ഷിതത്വം സംബന്ധിച്ച് ആശങ്കയുണ്ടോയെന്ന് കോടതി സര്‍ക്കാരിനോട് ചോദിച്ചിരുന്നു. തുടര്‍ന്ന് തിരുവാഭരണത്തിന്റെ തൂക്കവും എണ്ണവും കാലപ്പഴക്കവും പരിശോധിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെ കോടതി ചുമലപ്പെടുത്തിയിരുന്നു. ഇതിന്റെ റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
Post Your Comments