Latest NewsKeralaIndia

പുണ്യമാസത്തിൽ മദനിയെ സഹായിക്കുന്നതും പുണ്യകർമ്മം: മദനിക്കായി ധനസമാഹരണത്തിന് മത പണ്ഡിതരും മതസംഘടനാ നേതാക്കളും രം​ഗത്ത്

കോഴിക്കോട്: അബ്ദുൾ നാസ‍ർ മദനിക്കായി ധനസമാഹരണത്തിന് മുസ്ലീംമത പണ്ഡിതരും മതസംഘടനാ നേതാക്കളും രം​ഗത്ത്. മദനിയുടെ ചികിത്സക്കും നിയമ നടപടികൾക്കുമായി സാമ്പത്തിക സഹായം നൽകണമെന്നാവശ്യപ്പെട്ടാണ് മുസ്ലീം സംഘടനാ നേതാക്കൾ സംയുക്ത പ്രസ്താവന ഇറക്കിയിരിക്കുന്നത്. പണം സംഭാവനയായി നൽകേണ്ട അക്കൗണ്ട് നമ്പർ ഉൾപ്പെടുത്തി പത്ര പരസ്യവും നൽകിയിട്ടുണ്ട്.

സുപ്രീം കോടതിയിൽ നിന്നും ജാമ്യം കിട്ടിയ അബ്ദുൾ നാസർ മദനിക്ക് കേരളത്തിലേക്ക് എത്താൻ വഴിയൊരുങ്ങിയിട്ടുണ്ടെങ്കിലും സാങ്കേതിക കാരണങ്ങളാൽ ഇത് വൈകുകയാണ്. ഈ സാഹചര്യത്തിലാണ് മദനിയുടെ ചികിത്സക്കും നിയമ പോരാട്ടത്തിനും പിന്തുണ തേടി മദനി സഹായ സമിതി മുസ്ലീം സംഘടനാ നേതാക്കളെ സമീപിച്ചത്. റമദാൻ മാസമായതിനാൽ സാമ്പത്തിക സമാഹരണത്തിന് പൊതു സമൂഹത്തോട് അഭ്യർത്ഥന നടത്തണമെന്ന ആവശ്യമായിരുന്നു ഇവർ മുന്നോട്ട് വെച്ചത്. ഇതിനു പിന്നാലെയാണ് മദനിക്ക് സഹായമഭ്യർത്ഥിച്ച് വിവിധ സംഘടനാ നേതാക്കൾ സംയുക്ത പ്രസ്താവനയിറക്കിയത്. കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, സമസ്ത ജനറൽ സെക്രട്ടറി കെ ആലിക്കുട്ടിമുസ്ലിയാർ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സംയുക്ത പ്രസ്താവനയിറക്കിയത്.

സമസ്ത കേരളാ ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ, ഇകെ വിഭാഗം സമസ്ത ജനറൽ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാർ, ജമാ അത്തെ ഇസ്ലാമി കേരളാ അമീർ എം ഐ അബ്ദുൾ അസീസ്, ദക്ഷിണ കേരളാ ജം ഇയ്യത്തുൽ ഉലമ പ്രസിഡൻറ് കെ പി അബൂബക്കർ ഹസ്രത്ത് എന്നിവരുടെ പേരിലാണ് സംയുക്ത പ്രസ്താവന. കോഴിക്കോട് ഖാസി മുഹമ്മദ് കോയ ജമലുല്ലൈലി തങ്ങളുടേയും കേരള സംസ്ഥാന ജം ഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി മമ്പാട് നജീബ് മൗലവിയുടേയും പേരുകൾ പ്രസ്താവനയിലുണ്ട്. നിരവധി അസുഖങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്ന മദനിയുടെ ചികിത്സക്കും ബംഗളൂരു നഗരത്തിലെ താമസത്തിനും വലിയ തുക ചെലവ് വരുന്നുണ്ട്. ഇതിനു പുറമേ നിയമപോരാട്ടത്തിന് അഭിഭാഷകർക്ക് ഭീമമായ ഫീസ് നൽകേണ്ടി വരുന്നതായും പ്രസ്താവനയിൽ പറയുന്നു.

റമദാൻ മാസത്തിലെ സാമ്പത്തിക സമാഹരണത്തിലൂടെയാണ് ഇതിനു വേണ്ട ചെലവുകൾ കണ്ടെത്തുന്നത്. ഈ പുണ്യമാസത്തിൽ മദനിയുടെ നീതിക്കായുള്ള പോരാട്ടത്തെ പിന്തുണക്കുന്നതും സഹായിക്കുന്നതും പുണ്യകർമ്മമായി കണ്ട് അദ്ദേഹത്തിനു വേണ്ടി ആത്മാർത്ഥമായി പ്രാർത്ഥിക്കുകയും സഹായം നൽകുകയും ചെയ്യണമെന്നും സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെടുന്നു. ധനസഹായം നൽകേണ്ട അക്കൗണ്ട് നമ്പറുകൾ സഹിതമുള്ള പ്രസ്താവന പത്രപരസ്യമായും നൽകിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button