മൂവാറ്റുപുഴ: വീട്ടമ്മയെ കൊലപ്പെടുത്തിയ കേസിൽ ഭർത്താവിന് ജീവപര്യന്തം തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. മൂവാറ്റുപുഴ പെരിങ്ങഴയിൽ വാടകക്ക് താമസിച്ചു വന്ന മാറാടി നാരിക്കോട്ടിൽ ഉഷയെ (38) കൊലപ്പെടുത്തിയ കേസിലാണ് ഭർത്താവ് കൊടക്കാപ്പിള്ളിൽ മധുവിനെ(40) കോടതി ശിക്ഷിച്ചത്. മൂവാറ്റുപുഴ അഡീഷനൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജി ദിനേശ് എം. പിള്ളയാണ് ശിക്ഷ വിധിച്ചത്. 50,000 രൂപ പിഴയടക്കാനും കോടതി ശിക്ഷിച്ചു.
Read Also : വിവാഹ വാഗ്ദാനം നല്കി യുവതിയെ പീഡിപ്പിച്ച കേസിൽ പോലീസ് ഉദ്യോഗസ്ഥൻ പിടിയിൽ
2015 മേയ് 28-ന് രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. മധുവിന്റെ രണ്ടാം ഭാര്യയായിരുന്ന ഉഷ, മൂവാറ്റുപുഴയിൽ സ്വകാര്യ കമ്പനിയിൽ സൂപ്പർവൈസറായിരുന്നു. ജോലിക്ക് പോകാതെ കഴിഞ്ഞു വന്ന പ്രതി സാമ്പത്തിക കാര്യങ്ങൾ പറഞ്ഞ് നിരന്തരം വീട്ടിൽ വഴക്കുണ്ടാക്കി. തുടർന്ന്, സംഭവ ദിവസം രാത്രി 10.30-ഓടെ പ്രതി വീട്ടിൽ വഴക്കുണ്ടാക്കുകയും വാക്കത്തിയെടുത്ത് ഉഷയുടെ തലക്കും കഴുത്തിനും വെട്ടുകയും ചെയ്തു. പ്രാണരക്ഷാർഥം ഇറങ്ങിയോടിയ ഉഷ, അയൽവാസിയുടെ വീടിനുമുന്നിൽ കുഴഞ്ഞുവീണു. ആശുപത്രിയിലേക്ക് കൊണ്ടുപോകുംവഴിയാണ് മരിച്ചത്. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കോടതി ശിക്ഷിച്ചത്.
മൂവാറ്റുപുഴ പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ എറണാകുളം റൂറൽ എ.എസ്.പി ആയിരുന്ന മെറിൻ ജോസഫാണ് കേസ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷൻ 22 സാക്ഷികളെ വിസ്തരിക്കുകയും 30 രേഖകളും എട്ട് തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷനു വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. അഭിലാഷ് മധു ഹാജരായി.
Post Your Comments