വന്ദേഭാരത് ട്രെയ്‌നോട് വിയോജിപ്പില്ലെന്ന് ഇ.പി ജയരാജന്‍. യാത്രക്ക് സൗകര്യമാണെന്ന് തോന്നിയാല്‍ അതില്‍ യാത്ര ചെയ്യുമെന്നും സാധാരണ ട്രെയ്‌നായി കണ്ടാല്‍ മതിയെന്നുമാണ് ഇ.പി പറയുന്നത്. ഇതൊന്നും ഇത്ര വലിയ ആഘോഷമാക്കാനുള്ളതില്ല. നിലവില്‍ കേരളത്തിലെ ട്രാക്കില്‍ ഇതില്‍ കൂടുതല്‍ വേഗതയില്‍ ഓടിച്ചാല്‍ വന്ദേഭാരത് വലിയ അപകടത്തിലേക്ക് പോകുമെന്ന് എല്ലാവര്ക്കും അറിയാവുന്നതാണെന്നും ഇ.പി പറയുന്നു.
‘വന്ദേഭാരതിനോട് എനിക്ക് വിരോധമൊന്നുമില്ല. എനിക്ക് അതാണ് സൗകര്യമെങ്കില്‍ ഞാന്‍ അതില്‍ കയറും. ഈ റെയില്‍ പാളത്തിലൂടെ ഈ ട്രെയ്‌നിന് ഓടാന്‍ സാധിക്കില്ല. വന്ദേഭാരതിനെ ഒരു സാധാരണ ട്രെയ്ന്‍ എന്ന നിലയിലേ പരിഗണിക്കണ്ടതുള്ളു. സാധാരണക്കാര്‍ക്ക് യാത്ര ചെയ്യാനുള്ള ഒരു ട്രെയ്ന്‍. അതില്‍ കവിഞ്ഞ് വേഗത്തില്‍ എത്തിച്ചേരാനോ, കെ റെയിലിന് പകരമാകാനോ ഒരു തരത്തിലും ഈ ട്രെയ്‌നിന് സാധിക്കില്ല’, ഇ.പി പറയുന്നു.
‘കെ-റെയിലിന് ബദലായി സിൽവർ ലൈൻ സംവിധാനത്തിന്റെ ദൗത്യമൊന്നും നിർവഹിക്കാൻ വന്ദേഭാരതിന് കഴിയില്ല. ട്രയൽ റണ്ണിന്റെ അടിസ്ഥാനത്തിലുള്ള അനുഭവം തന്നെ ആ കാര്യം വ്യക്തമാക്കി കഴിഞ്ഞു. ബിജെപിയുടെ സഹയാത്രികനായ മോട്രോമാൻ എന്ന് അറിയപ്പെടുന്ന ശ്രീധരൻ തന്നെ ഇത് വിഢിത്തമാണെന്ന് തുറന്ന് പറഞ്ഞു. ട്രയൽ റണ്ണിന്റെ ഭാഗമായി മറ്റെല്ലാ ട്രെയിനുകളും ട്രാക്കിൽ നിന്നും മാറ്റി തടസ്സമില്ലാത്ത ഗതാഗതം ഒരുക്കിയിട്ടും വന്ദേഭാരത് കണ്ണൂരിൽ എത്താൻ ഏഴേകാൽ മണിക്കൂർ എടുത്തു. ഇതെല്ലാം പരിശോധിച്ച് നോക്കുകയാണെങ്കിൽ വന്ദേഭാരത് ഒരു വലിയ നഷ്ടക്കച്ചവടമാണ്. എല്ലാ ട്രെയിനുകളെയും മാറ്റി ട്രാക്ക് ഫ്രീ ആയി കൊടുത്ത് വലിയ സജ്ജീകരണങ്ങൾ ഒരുക്കി അതിലൂടെ ഓടുക എന്നാൽ സാധാരണ യാത്രക്കാരുടെ ഇപ്പോഴത്തെ യാത്രക്ക് വലിയ തടസ്സമായിത്തീരും’, അദ്ദേഹം വ്യക്തമാക്കി.
Post Your Comments