
വെഞ്ഞാറമൂട്: നിയന്ത്രണം വിട്ട കാർ ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ പീഡിയാട്രിഷ്യൻ ഡോ. അനസിന്റെയും, വെഞ്ഞാറമൂട് അൻസി ഹോസ്പിറ്റലിലെ ഡോ. ആൻസിയുടെയും മകൻ വെഞ്ഞാറമൂട് അൻസി കോട്ടേജിൽ അമാൻ മുഹമ്മദ് (16)ആണ് മരിച്ചത്. കാർ ഓടിച്ചിരുന്ന അമാന്റെ സഹോദരൻ ഉൾപ്പെടെ നാല് പേർക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. അമാന്റെ സഹോദരൻ ആദിൽ (20), വെഞ്ഞാറമൂട് റോസ്ലി നിവാസിൽ മാനവ്(20), പാകിസ്ഥാൻ മുക്ക് നബാൻ (18), കീഴായ്ക്കോണം ചെറുകൊണത്ത് പുത്തൻ വീട്ടിൽ അബ്ദുള്ള (19)എന്നിവരാണ് പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സയിലുള്ളത്.
Read Also : നദിക്കരയിൽ പുരുഷന്റെ അജ്ഞാത മൃതദേഹം : മൃതദേഹത്തിന് മൂന്നാഴ്ചയോളം പഴക്കം
കഴക്കൂട്ടം ലുലുമാളിനും വെൺ പാലവെട്ടത്തിനും ഇടയിൽ ബിഎംഡബ്ല്യൂ ഷോറൂമിനു സമീപം ഇന്നലെ പുലർച്ചെ മൂന്നിന് ആണ് അപകടം നടന്നത്. ഇവർ സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ഡിവൈഡറിൽ ഇടിച്ചു മറിയുകയായിരുന്നു.
വെഞ്ഞാറമൂട് ജുമാ മസ്ജിദിൽ ഇരുപത്തേഴാം രാവിനോട് അനുബന്ധിച്ചുള്ള പ്രത്യേക പ്രാർത്ഥനയിൽ പങ്കെടുത്തതിനു ശേഷം വെളുപ്പിന് രണ്ടിന് ഇട അത്താഴം കഴിക്കാൻ പോകവേയാണ് അപകടം സംഭവിച്ചത്. മരിച്ച അമാൻ നാലഞ്ചിറ സെന്റ് തോമസ് സ്കൂളിലെ പ്ലസ്ടു വിദ്യാർത്ഥിയാണ്. മൃതദേഹം വെഞ്ഞാറമൂട് അൻസി കോട്ടജിൽ എത്തിച്ച ശേഷം വള്ളക്കടവ് ജുമാ മസ്ജിദിൽ ഖബറടക്കി.
Post Your Comments