ലോകമെമ്പാടുമുള്ള ഇസ്ലാം മതവിശ്വാസികള്‍ ഏറെ ആഘോഷത്തോടെയും പ്രാര്‍ഥനകളോടെയും കൊണ്ടാടുന്ന പെരുന്നാളാണ് ഈദ് ഉല്‍ ഫിത്തര്‍. ശവ്വാല്‍ മാസത്തിന് ആരംഭം കുറിക്കുന്ന പെരുന്നാള്‍ കൂടിയാണിത്. റമസാനിന് ശേഷമുള്ള മാസമായ ശവ്വാലിലെ ഒന്നാം തീയതിയാണ് ഈദ് ഉല്‍ ഫിത്തര്‍. ഒരു മാസത്തെ നോമ്പിലൂടെയും വ്രതാനുഷ്ഠാനങ്ങളിലൂടെയും ആരോഗ്യവും പ്രതിരോധശേഷിയും വാഗ്ദാനം ചെയ്തതിന് അല്ലാഹുവിന് നന്ദി പറയുന്ന ദിവസമാണ് ഇത്.
ഈദ് ഉല്‍ ഫിത്തര്‍ എന്നാല്‍ ‘നോമ്പ് തുറക്കുന്നതിന്റെ ഉത്സവം എന്നാണ് അര്‍ത്ഥം. ചന്ദ്രക്കല കാണുന്നതിനെ അടിസ്ഥാനമാക്കിയാണ് പെരുന്നാള്‍ ദിവസം തീരുമാനിക്കപ്പെടുന്നത്. പുതിയ വസ്ത്രങ്ങള്‍ ധരിച്ചും പലഹാരങ്ങള്‍ തയ്യാറാക്കിയും ദാനധര്‍മ്മങ്ങള്‍ ചെയ്തും കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയും സന്ദര്‍ശിച്ചുമൊക്കെയാണ് വിശ്വാസികള്‍ ഈദ് ആഘോഷമാക്കുന്നത്.
ചരിത്രം
വിശുദ്ധ റമസാന്‍ മാസത്തിലാണ് മുഹമ്മദ് നബിക്ക് വിശുദ്ധ ഖുര്‍ആനിന്റെ ആദ്യ ദര്‍ശനം ലഭിച്ചത് എന്നാണ് വിശ്വാസം. റമസാനിലുടനീളം, രാവിലെ മുതല്‍ വൈകുന്നേരം വരെയുള്ള നോമ്പിന്റെ അവസാനത്തെയും ശവ്വാല്‍ മാസത്തിന്റെ തുടക്കത്തെയും ഈദുല്‍ ഫിത്തര്‍ സൂചിപ്പിക്കുന്നു. ഒരു മാസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനങ്ങള്‍ക്ക് ശക്തിയും ധൈര്യവും നല്‍കിയതിന് അല്ലാഹുവിന് വിശ്വാസികള്‍ നന്ദി അര്‍പ്പിക്കുകയും ചെയ്യുന്നു.
സാധാരണ ഗതിയില്‍ ഇസ്ലാം വിശ്വാസികള്‍ പരിശുദ്ധ സ്ഥലമായി കാണുന്ന കഅബ ഉള്‍പ്പെടുന്ന സൗദി അറേബ്യയിലാണ് ഏറ്റവും ആദ്യം പെരുന്നാള്‍ പ്രഖ്യാപിക്കാറുള്ളത്. വടക്കേ ഇന്ത്യയില്‍ ഈദ് ഉല്‍ ഫിത്തറിനെ മീഠീ ഈദ് (മധുര പെരുന്നാള്‍) എന്നും വിശേഷിപ്പിക്കാറുണ്ട്. ഇസ്ലാമിലെ അടിസ്ഥാന കര്‍മ്മങ്ങളിലൊന്നായ സക്കാത്ത്, അഥവാ പാവങ്ങള്‍ക്ക് പണം, ഭക്ഷണം, വസ്ത്രം തുടങ്ങിയവ നല്‍കുക എന്ന പുണ്യ കര്‍മ്മം ഈ വേളയിലാണ് ചെയ്യുന്നത്. പൊതുവെ ഫിഥ്‌റ് സക്കാത്ത് എന്ന പേരില്‍ അറിയപ്പെടുന്ന പാവപ്പെട്ട ആളുകള്‍ക്ക് ഭക്ഷണം നല്‍കുന്ന രീതി പെരുന്നാള്‍ നമസ്‌കാരത്തിന്റെ മുന്‍പ് നിര്‍വഹിക്കണം എന്നാണ് വിശ്വാസം.
Post Your Comments