പുതിയ സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് നടത്തിയ അഭിമുഖത്തിൽ തൻ്റെ സ്വദേശമായ കണ്ണൂരിലെ മുസ്ലീം വിവാഹത്തെക്കുറിച്ച് തുറന്നു പറഞ്ഞ നിഖിലയ്ക്ക് നേരെ സൈബർ ആക്രമണമാണ്. സ്ത്രീകൾക്ക് അടുക്കള ഭാഗത്തിരുത്തി ഭക്ഷണം കൊടുക്കുന്ന രീതി ഇന്നും അവിടെയുണ്ടെന്നും ഇപ്പോഴും അത് തുടരുന്നുണ്ടെന്നും നിഖില പറഞ്ഞിരുന്നു. ഇത് ഒരു വിഭാഗം ആളുകളെ ചൊടിപ്പിച്ചിരിക്കുകയാണ്. മുൻപ് ബീഫ് പരാമർശവുമായി ബന്ധപ്പെട്ട് സംഘികളെ പറപറപ്പിച്ച നിഖിലയെ കണ്ണിലുണ്ണിയായി കണ്ടവർ, നിഖില ഇന്ന് ഇസ്‌ലാമോഫോബിയ പരത്തുന്നു എന്നാണ് പറയുന്നത്. ഇത് ചൂണ്ടിക്കാട്ടി ഡോ. നിഷ സുബൈർ പങ്കുവെച്ച ഫേസ്‌ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു.
ഡോ. നിഷയുടെ ഫേസ്‌ബുക്ക് പോസ്റ്റ് ഇങ്ങനെ;
നിഖില ഓൺ എയർ. സംഘിയെ പറപറപ്പിക്കുന്ന നിഖിലയെ കണ്ണിലുണ്ണിയായി കണ്ടവർ ഒക്കെ ഒറ്റ ശ്വാസത്തിൽ ഈ പെണ്ണ് ഇസ്ലാമോഫോബിയ പരത്തുന്നെ എന്ന് മലക്കം മറിഞ്ഞു.
കല്യാണങ്ങൾക്ക് കണ്ണൂരിൽ പെണ്ണുങ്ങളെ അടുക്കളപ്പുറത്തു ഇരുത്തുമോ എന്ന് എനിക്ക് അറിയില്ല. പക്ഷെ മരണങ്ങൾക്ക് മുസ്ലിം പെണ്ണുങ്ങൾ കേരളത്തിൽ എവിടെയും ഇപ്പോഴും കഴിയുമെങ്കിൽ അടുക്കള വഴിയേ കയറൂ. ഇനി മുൻവശത്ത് കൂടി കയറിയാലും എത്ര തിരക്കാണെങ്കിലും ചൂടാണെങ്കിലും വീടിനകത്തോ അടുക്കളവശത്തോ നിന്ന ശേഷം,എങ്ങാനും മുൻവശത്തു കൂടി മടങ്ങേണ്ടി വന്നാൽ തലയിലെ തട്ടൻ കൊണ്ട് മുഖം മുക്കാലും മറച്ചു രക്ഷപ്പെടുന്നു. എങ്ങാനും ഡ്രെസ് കോഡ് കാരണം ജ്ഞാനി ആണെന്ന് വെളിവാക്കുന്ന ഒരു പുരോഹിതൻ ആ വഴി വന്നാൽ നമ്മൾ ഒന്ന് ചൂളിയേക്കണം. അത് ഉള്ളിലെ ഭയത്തിന്റെ അദബ് എന്ന വെളിവാക്കലാണ്. പാട്രിയാർക്കിയുടെ മുത്തായി ജീവിക്കാൻ അത് ആവശ്യമാണ്. (പുരോഹിത എന്നൊരു സ്ത്രീപദവിയേ ഇല്ലല്ലോ. അത് കൊണ്ട് പുരുഷൻമാർ ചൂളേണ്ടി വരില്ല.)
സംഭവം മരണമാണ്. ദുഖത്തേക്കാൾ സ്വർഗ്ഗമോ നരകമോ എന്ന ഭയം ഉള്ളിൽ തിങ്ങേണ്ട ദിവസം ആണല്ലോ. ഭയം ആണല്ലോ മെയിൻ ?
ഇനി കുറച്ച് കൂടെ കടന്ന്, സ്ത്രീ മരിച്ചാൽ “അന്യ” പുരുഷൻ കാണരുത്, തിരിച്ചും എന്ന് ചില ‘പൂർണസ്വർഗാവകാശികൾ’ ഇപ്പോൾ പറയലുണ്ട്. സ്വന്തം സഹോദരങ്ങളെക്കാൾ സഹോരദരസ്ഥാനത്ത് കാണുന്ന ചില ബന്ധങ്ങൾ എന്നൊരു സാധ്യത അനുഭവിച്ചിട്ടേ ഇല്ലാത്ത മനുഷ്യരോട് തർക്കം പോലും ശ്രമകരമാണ്. അടുക്കളപ്പുറം വിഷയമൊക്കെ നിസാരകാര്യം ആയി തോന്നുന്നവർ ഉണ്ടാകും. ജെൻഡർ ഡിസ്ക്രിമിനേഷന്റെ ചോദ്യം ചെയ്യപ്പെടാത്ത പ്രകടനങ്ങൾ ആണിവ.
വിവാഹം കഴിഞ്ഞ ഇടയ്ക്ക് ഭർത്താവും ഞാനും കൂടി എന്റെ ഉമ്മിയുടെ കസിന്റെ മരണത്തിനു പോയി. മുൻപും ഞാൻ അധികം പോയിട്ടുള്ള വീടല്ല. അതിഥി ആയി മുൻവാതിൽ വഴിയേ അവിടെ പ്രവേശിച്ചിട്ടുള്ളൂ. ഞാനും പങ്കാളിയും അവരുടെ ഗേറ്റ് കടന്ന് അകത്തേക്ക് പ്രവേശിച്ചപ്പോൾ അദ്ദേഹം എന്നെ കണ്ണുകളാൽ അടുക്കള വശത്തേക്ക് ചൂണ്ടിക്കാണിച്ചു. നോക്കുമ്പോൾ പെണ്ണുങ്ങൾ എല്ലാവരും അടുക്കള വശത്തു കൂടി കയറുന്നു. ഞാനും അങ്ങനെ ചെയ്തു.കല്യാണം വരെ ഞാൻ എന്നെ ഒരു മുതിർന്ന സ്ത്രീ ആയി കൂട്ടിയിട്ടുണ്ടാകില്ല എന്ന് തോന്നുന്നു. അത് വരെ ഈ വിവേചനം എന്റെ ശ്രദ്ധയിൽ പതിഞ്ഞിരുന്നില്ല. ഞാനും പങ്കാളിയും ഒരുമിച്ച് ചെന്ന് കേറേണ്ട ഇടത്ത് ഞാൻ ഡീഗ്രേഡ് ചെയ്യപ്പെടുന്ന തോന്നൽ വന്നപ്പോ മുതൽ ആ ചിന്ത എന്നെ ബുദ്ധിമുട്ടിച്ചു തുടങ്ങി.
അപ്പോൾ ഞാൻ ആലോചിച്ചു. എന്റെ ബന്ധുവീടാണ്. എനിക്ക് എന്ത് കൊണ്ട് മുൻവാതിലിൽക്കൂടി കയറി എന്റെ രക്തത്തിൽപ്പെട്ട മനുഷ്യന്റെ മയ്യിത്ത് അവസാനമായി കാണാൻ കഴിയുന്നില്ല? മരണം പോലെ വളരെ താത്വികമായും വൈകാരികമായും ചിന്തകൾ പോയ്പ്പോകുന്ന ഒരു സന്ദർഭത്തിൽ പോലും പെണ്ണാണ്,ഓർത്തോ എന്ന് ശഠിക്കുന്ന സംവിധാനത്തിന് എന്തോ കുഴപ്പം ഇല്ലേ? മറ്റ് മതങ്ങൾ ഇക്കാര്യം എങ്ങനെ ആണ് ചെയ്യുന്നത് എന്നെനിക്ക് അറിയില്ല.
പിന്നീട് പല ഇടങ്ങളിലും ഇങ്ങനെ അനുഭവം ഉണ്ടായിട്ടുണ്ട്. അങ്ങനെ അല്ലാത്ത ഇടങ്ങളും മനുഷ്യരുമുണ്ട് എന്നത് കൊണ്ട് വളരെയധികം മനുഷ്യർ ഇപ്പോഴും തുടരുന്ന ഒരു മെനയില്ലാത്ത ശീലം ചൂണ്ടിക്കാണിക്കുന്നത് തെറ്റാവുന്നില്ല.മതത്തിലെ അനാചാരങ്ങൾ ചൂണ്ടിക്കാണിക്കുമ്പോൾ എടുത്ത് വീശേണ്ട പരിച അല്ല ഇസ്ലാമോഫോബിയ എന്ന വാക്ക്. അത് നമുക്ക് ഒരുമിച്ച് പ്രയോഗിക്കേണ്ടതുള്ള ഒരുപാട് ഇടങ്ങൾ വേറെ ഉണ്ട്.
അടുക്കള ഒരു മോശം ഇടമല്ല.പക്ഷെ പെണ്ണുങ്ങളുടെ ഇടം അതാണ് എന്ന് പറയുന്നത് ശരിയല്ല.ആണുങ്ങളും പെണ്ണുങ്ങളും ഇട കലർന്ന് കയറുന്നത് സംസ്കാരത്തിന് യോജിക്കുന്നില്ല എന്ന് തോന്നുന്നവർ സ്ത്രീകൾ വീടിന്റെ മുൻവാതിൽ വഴി കയറട്ടെ, അല്ലെങ്കിൽ സ്ത്രീകൾക്ക് വിശേഷങ്ങൾക്ക് പന്തൽ മുൻവശത്ത് ഇടട്ടെ. ആണുങ്ങൾ അടുക്കള വശം ഉപയോഗിക്കട്ടെ എന്ന് ഒരു ചേഞ്ചിനായി എങ്കിലും ചിന്തിക്കാത്തിടത്തോളം അടുക്കളവശത്തെ ‘ഒതുക്കലിന് ‘ എന്തോ പ്രശ്നം ഉണ്ടെന്ന് തന്നെ കരുതണം. ഒരു വിഷയം സംസാരിക്കുമ്പോൾ അതിന് പല മുഖങ്ങൾ ഉണ്ട് എന്ന് ചിന്തിക്കണം.
ഞാൻ മുകളിൽ പറഞ്ഞ വിഷയത്തിന് താഴെ പറയുന്ന ഘടകങ്ങൾ ഉണ്ട്.
1. സ്ത്രീയും പുരുഷനും ഒരേ പൊതു ഇടങ്ങൾ ഉപയോഗിച്ചാൽ ആകാശം ഇടിഞ്ഞു വീഴുമോ എന്ന് പറയുമ്പോൾ ചിലർ,എന്നാൽ ഒരേ മൂത്രപ്പുര ആക്കിയാലോ എന്നൊക്കെ ചോദിച്ചു ‘ശോഭ ചിരിക്കുന്നില്ലേ ‘ ലൈനിൽ ചിരിക്കുന്നത് കാണാം.ആ ചിരി മതഭേദമന്യേ കാണാറുണ്ട്. സ്വന്തം വിവരക്കേട് ‘വിവരം ‘ ആയി കൊണ്ട് നടക്കുന്നതിന്റെ കുഴപ്പമാണ്.അപ്പി ഇടുന്നതും ഷർട്ട് ഇടുന്നതും ‘ഇടൽ’ ആണെന്ന് വെച്ച് രണ്ടും ഒന്നാണോ എന്നാണ് ആലോചിക്കേണ്ടത്.കല്യാണത്തിന് ഒരുമിച്ച് ഇരിക്കുന്നതും ഒരുമിച്ച് ശൗചാലയം ഉപയോഗിക്കുന്നതും ഒന്നാകുമോ?അങ്ങനെ ആക്കിയാൽ പെണ്ണുങ്ങൾ സ്വസ്ഥമായി മുള്ളിയിട്ട് ഇറങ്ങാൻ ലിംഗം കൊണ്ട് ചിന്തിക്കുന്നവർ സമ്മതിക്കുമോ എന്നതാണ് വലിയ പ്രശ്നം.പിടി കിട്ടിയോ? അവിടെ പോലും പെണ്ണുങ്ങൾ അല്ല പ്രശ്നം ഹേ.
2. വിശേഷസമയങ്ങളിൽ വീടിന്റെ രണ്ട് ഇടങ്ങൾ ഉപയോഗിക്കുമ്പോൾ അതിൽ അടുക്കള, അനുബന്ധഇടങ്ങൾ പെണ്ണിന്,കൂടുതൽ മികച്ച ഇടം ആണിന് എന്നൊക്കെ തീരുമാനിക്കുന്നത് ആരാണ്?
3. കല്യാണം തന്നെ എടുക്കൂ.. മുസ്ലിം വിവാഹത്തിന്റെ കാതൽ ആയ നിക്കാഹ് ചടങ്ങിൽ പെണ്ണിന് സ്ഥാനം എവിടെ?(ഏ.. നമ്മൾ ഭക്ഷണത്തിന് ഇരിക്കുന്ന സ്ഥാനത്തെപ്പറ്റിയല്ലേ സംസാരിക്കുന്നത് എന്ന് ചോദിക്കരുത്. അവസരമൊത്തു വന്നാൽ ഇങ്ങനെയും ചിലത് ചോദിക്കണം ?)
തുടങ്ങി ചോദ്യം ചെയ്യാൻ തുടങ്ങിയാൽ അനേകമനേകം കാര്യങ്ങൾ വന്നു കേറും.ഇതൊക്കെയാണോ ഇന്ത്യൻ മുസ്ലിമിന്റെ പ്രധാനപ്രശ്നം എന്ന് ചോദിച്ചാൽ, അല്ല. പക്ഷെ മുസ്ലിം സ്ത്രീയുടെ പ്രശ്നത്തിൽ ഇതൊക്കെ എപ്പോഴുമുണ്ടല്ലോ. അതും കൂടി നമ്മൾ പറയണമല്ലോ.
Post Your Comments