മങ്കൊമ്പ്: ഫേസ്ബുക്ക് വഴി ബിസിനസ് വായ്പ നൽകാമെന്ന് വാഗ്ദാനം ചെയ്ത് കുട്ടനാട് സ്വദേശികളിൽ നിന്നു പണം തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. തൃശൂർ കോർപറേഷൻ 38-ാം വാർഡ് അരനാട്ടുകര പാരികുന്നത്തു വീട്ടിൽ ഷബീർ അലിയെയാണ്( 41) അറസ്റ്റ് ചെയ്തത്. കൈനടി പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞവർഷം ഓഗസ്റ്റിലായിരുന്നു കേസിനാസ്പദമായ സംഭവം. സാമൂഹ്യമാധ്യമങ്ങളിലൂടെ പരസ്യം കണ്ടു ഫോണിൽ ബന്ധപ്പെട്ട നീലംപേരൂർ സ്വദേശികളെ എറണാകുളത്തുള്ള ഹോട്ടലിലേക്ക് വിളിച്ചുവരുത്തി കൂടിക്കാഴ്ച്ച നടത്തുകയായിരുന്നു. തുടർന്ന് ആദ്യതവണത്തെ പലിശയായി ഒരുലക്ഷത്തി മുപ്പത്തിയയ്യായിരം രൂപ അടച്ചാൽ മാത്രമേ ലോൺ കിട്ടുകയുള്ളു എന്ന് പറയുകയും തുടർന്ന് പരാതിക്കാരൻ നീലംപേരൂർ എസ്ബിഐ ശാഖ വഴി പ്രതിയുടെ അക്കൗണ്ടിലേക്ക് തുക അയച്ചു കൊടുക്കുകയുമായിരുന്നു.
Read Also : അന്ധവിശ്വാസമായിരിക്കും, പക്ഷെ സിനിമയിലെ ആ രണ്ട് മരണങ്ങൾ എന്റെ വിശ്വാസം ബലപ്പെടുത്തി: ഊർമിള ഉണ്ണി
തുടർന്ന്, പ്രതിയെ ഫോണിൽ ബന്ധെപ്പടാൻ ശ്രമിച്ചിട്ടും നടക്കാതെവന്നതോടെയാണ് തട്ടിപ്പിനിരയായെന്ന് മനസിലായത്. തുടർന്ന്, ഇവർ കൈനടി പൊലീസിൽ പരാതി നൽകുകയും പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുകയായിരുന്നു. കുറ്റകൃത്യത്തിനു ശേഷം കേരളത്തിൽ വിവിധയിടങ്ങളിലും ബംഗളൂരുവിലുമായി പ്രതി ഒളിവിൽ കഴിയുകയായിരുന്നു.
ഫ്ളാറ്റുകളിൽ വാടകയ്ക്ക് താമസിച്ച് ഒളിവിൽ കഴിയുന്നതിനിടയിൽ പ്രതി രഹസ്യമായി ഉപയോഗിച്ച ഫോൺ നമ്പർ കേന്ദ്രികരിച്ചു നടത്തിയ അന്വേഷണത്തിലൊടുവിൽ തൃശൂരിലെ ഒരു ഫ്ളാറ്റിൽ നിന്നുമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
പ്രതിക്കെതിരേ കൊടകര, ഗുരുവായൂർ, വടക്കാഞ്ചേരി, ചേലക്കര തുടങ്ങിയ സ്റ്റേഷനുകളിലും വഞ്ചനാ കേസുകളും കൊടകര പൊലീസ് സ്റ്റേഷനിൽ 18 വാറണ്ടുകളും നിലവിലുണ്ട്. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി ചൈത്രാ തെരേസാ ജോണിന്റെ നിർദേശപ്രകാരം ആലപ്പുഴ ഡിവൈഎസ്പി ബിജു വി. നായർ, കൈനടി പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ആർ. രാജീവ്, സബ് ഇൻസ്പെക്ടർമാരായ ടി.എസ്. രാഘവൻകുട്ടി, എസ്. ഷിബു, സിവിൽ പൊലീസ് ഓഫീസർമാരായ സനോജ്, സാം ജിത്ത്, രാഹുൽ എന്നിവരടങ്ങിയ അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. രാമങ്കരി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Post Your Comments