തൊടുപുഴ: യുവാവിന്റെ കത്തികൊണ്ടുള്ള ആക്രമണത്തിൽ നാലു പേർക്ക് പരിക്കേറ്റു. സംഭവവുമായി ബന്ധപ്പെട്ട് ഉപ്പുകുന്ന് പുതുപ്പറമ്പിൽ കണ്ണൻ എന്നു വിളിക്കുന്ന സജിത്ത് ബാബുവിനെ കരിമണ്ണൂർ പൊലീസ് ആണ് അറസ്റ്റ് ചെയ്തത്.
കരിമണ്ണൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഉപ്പുകുന്നിൽ വിഷുദിനത്തിൽ ഉച്ചയോടെയായിരുന്നു സംഭവം. അയൽവാസികളായ ഉപ്പുകുന്ന് വില്ലൻതണ്ട് ഭാഗത്ത് താമസിക്കുന്ന പാണംതണ്ടേൽ ഗോപാലൻ, മകൻ അനീഷ്, മകൾ ഷീബ, മകളുടെ ഭർത്താവ് ശിവൻ എന്നിവർക്കാണ് കുത്തേറ്റത്.
Read Also : കേരളത്തിന് തിരിച്ചടി: അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതി ഉത്തരവിനെതിരെ സർക്കാർ നൽകിയ ഹർജി സുപ്രീം കോടതി തള്ളി
സംഭവമറിഞ്ഞ് ഓടിയെത്തിയ നാട്ടുകാർ പരിക്കേറ്റവരെ തൊടുപുഴയിലെ ജില്ലാ ആശുപത്രിയിലും തുടർന്ന് സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കുത്തേറ്റ അനീഷിന്റെ നില ഗുരുതരമാണ്.
സാമ്പത്തിക ഇടപാടിനെച്ചൊല്ലിയുള്ള തർക്കമാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസ് പറഞ്ഞു. കരിമണ്ണൂർ പൊലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.എ. അബി, എസ്ഐ അജിംസ്, എഎസ്ഐ സലിൽ, എസ്സിപിഒമാരായ ജോബിൻ ജോസഫ്, പി.കെ. ബൈജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.
Post Your Comments