ബെംഗളൂരു: ജാമ്യ വ്യവസ്ഥകളിൽ ഇളവ് ആവശ്യപ്പെട്ട് പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅദനി സമർപ്പിച്ച ഹർജി ഇന്ന് പരിഗണിക്കും. കേരളത്തിലേക്ക് പോകാൻ അനുവദിക്കണമെന്നാണ് പ്രധാന ആവശ്യം. ആയുർവേദ ചികിത്സ അനിവാര്യമാണ്. പിതാവിന്റെ ആരോഗ്യ നില വഷളായതിനാൽ അദ്ദേഹത്തെ കാണണം. കേസ് വിചാരണ നടപടിയിലേക്ക് കടക്കുന്നതിനാൽ കർണാടകയിൽ ഇനി കഴിയേണ്ട കാര്യമില്ലെന്നും മഅദനി ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
കർണാടക തീവ്രവാദ വിരുദ്ധ സെൽ ജാമ്യ അപേക്ഷയെ ശക്തമായി എതിർക്കുകയാണ്. സാക്ഷികളെ ഭീഷണിപ്പെടുത്താൻ സാധ്യത ചൂണ്ടികാട്ടിയാണ് എതിർപ്പ്. ജസ്റ്റിസ് അജയ് രസ്തോഗി അധ്യക്ഷനായ ബെഞ്ച് ആണ് കേസ് പരിഗണിക്കുന്നത്. അഭിഭാഷകൻ ഹാരീസ് ബീരാനാണ് മദനിക്ക് വേണ്ടി ഹാജരാകുന്നത്.
തനിക്ക് ഒരു ഭീകര സംഘടനയുമായും ബന്ധമില്ല, പ്രതി ചേർത്തിരിക്കുന്നത് ഗൂഢാലോചന കേസിൽ മാത്രമാണ്, വ്യക്ക തകരാറിലായതിനാൽ അത് മാറ്റിവെയ്ക്കാൻ ചികിത്സ തേടണമെന്നും മഅദനി കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു. വൃക്ക മാറ്റിവെക്കേണ്ട സാഹചര്യത്തിലാണ് നാട്ടിലേക്ക് മടങ്ങാൻ അനുവാദം തേടിയതെന്നും അദ്ദേഹം സത്യവാങ്മൂലത്തിൽ പറഞ്ഞു.
വിചാരണ ദിവസും നടക്കുന്നുവെന്ന സർക്കാരിന്റെ വാദം തെറ്റാണ്. മാസത്തിൽ നാല് ദിവസം മാത്രമാണ് വിചാരണ നടക്കുന്നത്. സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഗൂഢാലോചനയിലും തനിക്ക് പങ്കില്ല. തെളിവ് നശിപ്പിക്കുമെന്നത് വാദം മാത്രമാണ്. നേരത്തേ ജാമ്യത്തിൽ ഇറങ്ങിയപ്പോളും എല്ലാ വ്യവസ്ഥകളും പാലിച്ചിരുന്നുവെന്നും മദനി വ്യക്തമാക്കി. മദനിയുടെ ആരോഗ്യനില വ്യക്തമാക്കുന്ന ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് മറുപടി സത്യവാങ്മൂലം സമർപ്പിച്ചത്.
Post Your Comments