കൊച്ചി: കേരളത്തില്‍ താപതരംഗം സംഭവിച്ചു കഴിഞ്ഞുവെന്ന് ശാസ്ത്ര ലേഖകന്‍ രാജഗോപാല്‍ കമ്മത്ത് അഭിപ്രായപ്പെട്ടു. ഈ വര്‍ഷത്തെ ചൂട് അസ്വാഭാവികമാണെന്നും കഴിഞ്ഞ വര്‍ഷങ്ങളിലേക്കാള്‍ ചൂട് അനുഭവപ്പെടുന്നുണ്ടെന്നും രാജഗോപാല്‍ കമ്മത്ത് പറഞ്ഞു.
‘നിലവില്‍ നാല് സംസ്ഥാനങ്ങളിലാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് താപതരംഗം പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷേ ഇന്ത്യയിലെ ഓരോ സംസ്ഥാനവും ഭൂപ്രകൃതി കൊണ്ട് വ്യത്യസ്തമാണ്. താപതരംഗം പ്രഖ്യാപിക്കപ്പെട്ടിട്ടുള്ള നിലവിലെ സംസ്ഥാനങ്ങളേക്കാള്‍ വ്യത്യസ്തമായ റിലേറ്റിവ് ഹ്യുമിഡിറ്റിയാണ് കേരളത്തിലുള്ളത്. ഓട്ടോമാറ്റിക് വെതര്‍ സ്റ്റേഷനിലെ ഡേറ്റ പരിശോധിച്ചാല്‍ മിക്ക ഇടങ്ങളില്‍ 95-100% റിലേറ്റീവ് ഹ്യുമിഡിറ്റി സംഭവിച്ചതായി കാണുന്നുണ്ട്. അതുകൊണ്ട് തന്നെ നാം അനുഭവിക്കുന്ന ചൂട് വളരെ അധികമാണ്’.
‘മലയോര മേഖലകളിലും തീര പ്രദേശങ്ങളിലും നിശ്ചിത താപനിലയില്‍ കൂടിയാല്‍ താപതരംഗം പ്രഖ്യാപിക്കാമെന്നതാണ് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പിന്റെ നയം. എന്നാല്‍ അത് അപര്യാപ്തമാണ്. മാറി വരുന്ന സാഹചര്യങ്ങളില്‍ താപതരംഗത്തിന്റെ നിര്‍വചനം തന്നെ മാറ്റേണ്ട അവസ്ഥയാണ്. കഴിഞ്ഞ രണ്ട് ദിവസമായി താപതരംഗം മൂലമുള്ള ശാരീരിക പ്രശ്നങ്ങള്‍ പലരും അനുഭവിക്കുന്നുണ്ട്. കഴിഞ്ഞ രണ്ട് ദിവസത്തോടെ തന്നെ കേരളത്തില്‍ താപതരംഗം സംഭവിച്ചുകഴിഞ്ഞു’, രാജഗോപാല്‍ കമ്മത്ത് പറഞ്ഞു. അടുത്ത മൂന്ന് വര്‍ഷം അത് പോലെയോ, ഇതില്‍ തീവ്രമോ ആയ ചൂടോ ആകും ഇനി അനുഭവപ്പെടുകയെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തില്‍ താപതരംഗം പ്രഖ്യാപിക്കേണ്ട സമയം അതിക്രമിച്ചുവെന്നും അടുത്ത ദിവസങ്ങള്‍ സൂക്ഷിക്കേണ്ടതാണെന്നും രാജഗോപാല്‍ കമ്മത് പറഞ്ഞു.
Post Your Comments