ഡൽഹി: ‘വന്ദേ മെട്രോ’ എന്ന പേരില്‍ പുതിയ ഹ്രസ്വദൂര ട്രെയിന്‍ സര്‍വീസ് അവതരിപ്പിക്കാനൊരുങ്ങി കേന്ദ്രസർക്കാർ. രാജ്യത്തുടനീളമുള്ള വിവിധ റൂട്ടുകളില്‍ സെമി-ഹൈ-സ്പീഡ് ‘വന്ദേ ഭാരത്’ എക്സ്പ്രസ് ട്രെയിനുകള്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് റെയില്‍വേ മന്ത്രാലയത്തിന്റെ പുതിയ നീക്കം. 2023 ഡിസംബറോടെ പദ്ധതി തയ്യാറാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
100 കിലോമീറ്ററില്‍ താഴെ ദൂരമുള്ള നഗരങ്ങള്‍ക്കിടയിലാണ് ‘വന്ദേ മെട്രോ’ പ്രവര്‍ത്തിക്കുമെന്നും ജനങ്ങള്‍ക്ക് താങ്ങാനാകുന്നതായിരിക്കുമെന്നും റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു. ഇത് വന്ദേ ഭാരത് ട്രെയിനുകളില്‍ നിന്ന് വ്യത്യസ്തമായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
‘വന്ദേ ഭാരതുമായി താരതമ്യപ്പെടുത്തുമ്പോള്‍ വന്ദേ മെട്രോ വ്യത്യസ്തമായ ഒരു പദ്ധതിയായിരിക്കും. ദിവസത്തില്‍ നാലോ അഞ്ചോ തവണ വളരെ ഉയര്‍ന്ന ഫ്രീക്വന്‍സിയില്‍ ട്രെയിനുകള്‍ നല്‍കുന്ന ഫോര്‍മാറ്റിലാണ് ഇത് നിര്‍മ്മിക്കുന്നത്. ഇതിന് 100 കിലോമീറ്ററില്‍ താഴെ ദൂരമുള്ള നഗരങ്ങള്‍ക്കിടയില്‍ ഓടാനാകും. അവ സുഖകരവും സാധാരണക്കാർക്ക് താങ്ങാനാവുന്നതുമാണ്. ഡിസംബറില്‍ ഇത് തയ്യാറാകും,’ അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
‘വന്ദേ മെട്രോ’ വികസിപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി റെയില്‍വേ മന്ത്രാലയത്തോട് ആവശ്യപ്പെട്ടതായി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞിരുന്നു. ‘പ്രധാനമന്ത്രി ഈ വര്‍ഷം ലക്ഷ്യം നല്‍കിയിട്ടുണ്ട്. വന്ദേ ഭാരത് ട്രെയിനിന്റെ വിജയത്തിന് ശേഷം ഒരു ലോകോത്തര റീജിയണല്‍ ട്രെയിന്‍ വികസിപ്പിക്കണം. അത് വന്ദേ മെട്രോ ആയിരിക്കും’ അശ്വിനി വൈഷ്ണവ് പറഞ്ഞു.
Post Your Comments