തിരുവനന്തപുരം: രാജ്യത്താദ്യമായി തദ്ദേശ സ്വയംഭരണ സ്ഥാപന തലത്തിൽ ജനകീയ ജലബജറ്റ് തയ്യാറാക്കുന്നു. ആദ്യഘട്ടത്തിൽ 94 ഗ്രാമപഞ്ചായത്തുകളിൽ തയ്യാറാക്കിയ ജലബജറ്റിന്റെ പ്രകാശനം ഏപ്രിൽ 17ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. തിരഞ്ഞെടുത്ത 15 ബ്ലോക്ക് പഞ്ചായത്തുകളിലെ ഗ്രാമപഞ്ചായത്തുകളിൽ നവകേരളം കർമപദ്ധതിയുടെ ഭാഗമായി ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തിൽ ജനകീയ പങ്കാളിത്തത്തോടെയാണ് ജലബജറ്റ് തയ്യാറാക്കിയത്.
ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ അധ്യക്ഷതയിൽ തിരുവനന്തപുരം മാസ്‌കറ്റ് ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ തദ്ദേശ സ്വയംഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദാ മുരളീധരൻ ജലബജറ്റ് ഏറ്റുവാങ്ങും. നീർച്ചാലുകളുടെ ജനകീയ വീണ്ടെടുപ്പ് ലക്ഷ്യമിട്ട് ഹരിതകേരളം മിഷന്റെ നേതൃത്വത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, മറ്റ് വിവിധ വകുപ്പുകൾ, സന്നദ്ധ സംഘടനകൾ എന്നിവരുടെ സഹകരണത്തോടെ സംസ്ഥാനത്തു സംഘടിപ്പിച്ചിട്ടുള്ള ‘ഇനി ഞാനൊഴുകട്ടെ’ മൂന്നാംഘട്ട പ്രവർത്തനങ്ങളുടെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിക്കും. പശ്ചിമഘട്ട പ്രദേശങ്ങളിലെ നീർച്ചാൽ വീണ്ടെടുപ്പുകൂടി ഉൾപ്പെടുത്തിയാണ് മൂന്നാംഘട്ടം ആസൂത്രണം ചെയ്തിരിക്കുന്നത്. ഇതിന്റെ മുന്നോടിയായി നടത്തിയ ജനകീയ മാപത്തോൺ മാപിംഗ് സംബന്ധിച്ച പുസ്തക പ്രകാശനവും ചടങ്ങിൽ നടക്കും.
Read Also: മണിമല വാഹനാപകടത്തിൽ മരിച്ച യുവാക്കളുടെ വീട്ടിൽ ജോസ് കെ മാണി എംപി എത്തി
Post Your Comments