Latest NewsKeralaNewsIndia

അബ്ദുള്‍ നാസര്‍ മദനിയെ കേരളത്തിലേക്ക് വിടാന്‍ പാടില്ല, രാജ്യസുരക്ഷയെ ബാധിക്കുന്ന കേസിലെ പ്രതിയാണ്: കർണാടക

ബംഗളൂരു: അബ്ദുള്‍ നാസര്‍ മദനിയെ കേരളത്തിലേക്ക് പോകാന്‍ അനുവദിക്കരുതെന്ന് കര്‍ണ്ണാടക ഭീകര വിരുദ്ധ സെല്‍. ബെംഗളൂരു സ്‌ഫോടന കേസിലെ പ്രതിയായ പിഡിപി ചെയര്‍മാന്‍ അബ്ദുള്‍ നാസര്‍ മദനിക്ക് ഇളവ് നൽകുന്നത് രാജ്യസുരക്ഷയെ ബാധിക്കുമെന്നാണ് കർണാടക ചൂണ്ടിക്കാട്ടുന്നത്. രാജ്യത്തിന്റെ സുരക്ഷയെയും അഖണ്ഡതയെയും ബാധിക്കുന്ന കേസിലെ പ്രതിയാണ് മദനിയെന്നും അതിനാൽ, ജാമ്യ വ്യവസ്ഥയില്‍ ഇളവ് അനുവദിക്കരുതെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്ങ്മൂലത്തില്‍ കര്‍ണ്ണാടക സര്‍ക്കാര്‍ വ്യക്തമാക്കി.

കര്‍ണാടക ഭീകരവിരുദ്ധ സെല്‍ അസിസ്റ്റന്റ് കമ്മീഷണര്‍ ഡോ. സുമീത് ആണ് സത്യവാങ്ങ് മൂലം നല്‍കിയത്. ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിച്ചാല്‍ മദനി ഒളിവില്‍ പോകാന്‍ സാധ്യതയുണ്ടെന്ന ആശങ്കയും ഇവർ അറിയിക്കുന്നു. കേസില്‍ ഇനിയും ആറ് പ്രതികളെ പിടികിട്ടാനുണ്ടെന്നും, ഇവര്‍ മദനിയുമായി ബന്ധപ്പെടുകയും വിവരങ്ങള്‍ ശേഖരിക്കുകയും സാക്ഷികളെ ഭീഷണിപ്പെടുത്തുകയും ചെയ്യാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്നും സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

മദനിക്ക് കേരളത്തിലേക്ക് പോകാന്‍ അനുമതി നല്‍കിക്കൂടെ എന്ന് സുപ്രിം കോടതി നേരത്തെ ആരാഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് കര്‍ണ്ണാടക സര്‍ക്കാര്‍ സത്യവാങ്ങ്മൂലം ഫയല്‍ ചെയ്തത്. മദനിയുടെ ആവശ്യം സുപ്രീം കോടതി ഇന്ന് പരിഗണിച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button