ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് അനുവാദം നല്‍കിയതിനെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി. റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയ മദ്രാസ് ഹൈക്കോടതി വിധി സുപ്രീംകോടതി ശരിവച്ചു. തമിഴ്‌നാട്ടിലെ ആര്‍എസ്എസ് റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കിയ ഹൈക്കോടതി നടപടി സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടായിരുന്നു സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയത്. റൂട്ട് മാര്‍ച്ചിന് അനുമതി നല്‍കാന്‍ നേരത്തെ പൊലീസിന് മദ്രാസ് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കിയിരുന്നു.
റൂട്ട് മാര്‍ച്ചിന് മൂന്ന് തീയതികള്‍ നിര്‍ദ്ദേശിക്കാനും പൊലീസിന്റെ അനുമതിക്ക് അപേക്ഷിക്കാനുമായിരുന്നു ഹൈക്കോടതിയുടെ നിര്‍ദ്ദേശം. അപേക്ഷ നിയമാനുസൃതം പരിഗണിക്കണമെന്ന് പൊലീസിനോട് നിര്‍ദേശിച്ചതോടൊപ്പം ആരെയും പ്രകോപിക്കാതെ മാര്‍ച്ച് സംഘടിപ്പിക്കാന്‍ ആര്‍എസ്എസിനോടും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി റൂട്ട് മാര്‍ച്ചിന് അനുമതി നിഷേധിച്ച സിംഗിള്‍ ബെഞ്ച് വിധി റദ്ദാക്കി കൊണ്ടായിരുന്നു ജസ്റ്റിസുമാരായ ആര്‍.മഹാദേവന്‍, മുഹമ്മദ് ഷെഫീഖ് എന്നിവരുടെ ബഞ്ചിന്റെ ഉത്തരവ്.
കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ രണ്ടിന് സംസ്ഥാന വ്യാപകമായി റൂട്ട് മാര്‍ച്ച് നടത്താനുള്ള ആര്‍എസ്എസിന്റെ തീരുമാനം ക്രമസമാധാന പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസ് തടഞ്ഞിരുന്നു.
അതേസമയം സംഭവത്തിൽ പ്രതികരണവുമായി ബിജെപി നേതാവ് സന്ദീപ് വാര്യർ രംഗത്തെത്തി. ആർഎസ്എസിനെ തടയാൻ സ്റ്റാലിൻ ഒന്നുകൂടി മൂക്കണമെന്ന് സന്ദീപ് പരിഹസിച്ചു.
സന്ദീപിന്റെ പോസ്റ്റിന്റെ പൂർണ്ണ രൂപം:
ജനാധിപത്യ വിരുദ്ധമായി ഒരു സംഘടനയുടെ പ്രവർത്തന സ്വാതന്ത്ര്യം നിഷേധിച്ച ഡിഎംകെ സർക്കാരിന്റെ നടപടിയെ രാജ്യത്തെ നീതിപീഠങ്ങൾ റദ്ദ് ചെയ്തിരിക്കുകയാണ്. സംഘടനാ സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന ഇക്കൂട്ടരുടെ പ്രശ്നം സംഘം മുന്നോട്ട് വയ്ക്കുന്ന ദേശീയത ഇവരുടെ വിഘടനവാദ രാജ്യദ്രോഹ ലക്ഷ്യങ്ങൾക്ക് തടസ്സമാണെന്നുള്ളതാണ് . ഇന്ദിരയെന്ന ഫാസിസ്റ്റ് ഭരണാധികാരിക്ക് മുന്നിൽ അടിപതറാത്ത ആർഎസ്‌എസ്സിനെ തടയാൻ മൂക്കാ സ്റ്റാലിൻ ഒന്നൂടെ ഒന്ന് മൂക്കണം .
Post Your Comments