മണിമല : സഹോദരങ്ങളായ യുവാക്കളുടെ മരണത്തിനിടയായ അപകടത്തിൽ ജോസ് കെ മാണിയുടെ മകനെ രക്ഷപ്പെടുത്താന്‍ പോലീസ് ശ്രമം നടത്തിയെന്ന് ആരോപണം. ആദ്യം പോലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടില്‍ (FIR) ജോസിന്റെ മകന്‍ കെ.എം മാണിയുടെ പേരില്ല. 45-വയസുള്ള ആള്‍ എന്നാണ് എഫ്.ഐആറില്‍ പോലീസ് രേഖപ്പെടുത്തിയത്. അപകടത്തെ തുടർന്ന് അറസ്റ്റ് ചെയ്ത ജോസ് കെ മാണിയുടെ മകന്റെ രക്ത പരിശോധനയും നടത്തിയില്ല.
റാന്നി- മണിമല റോഡില്‍ ശനിയാഴ്ച വൈകീട്ട് ആറോടെയാണ് അപകടമുണ്ടായത്. എന്നാല്‍ ഞായറാഴ്ച വൈകീട്ടോടെയാണ് കെ.എം മാണിയെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിച്ചുവരുത്തുന്നത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തുകയും സ്റ്റേഷന്‍ ജാമ്യത്തില്‍ വിടുകയും ചെയ്തു. കേസിന്റെ പ്രാഥമിക ഘട്ടത്തില്‍ പോലീസ് കണ്ടെത്തുന്ന കാര്യങ്ങള്‍ ഏറ്റവും വിലപ്പെട്ടതാണ്. ഇതിൽ പോലീസിന്റെ ഭാഗത്ത് ഗുരുതര വീഴ്ച്ച സംഭവിച്ചുവെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്.
കെ.എം മാണി ഓടിച്ച ഇന്നോവ വാഹനം മണിമല ഭാഗത്തേക്കാണ് വന്നത് . ഇന്നോവ വാഹനം ബ്രേക്ക് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. സ്ഥലത്ത് പോലീസ് എത്തുമ്പോള്‍ ജോസ് കെ മാണിയുടെ മകന്‍ കെ.എം മാണി അപകട സ്ഥലത്തുണ്ടായിരുന്നു. എന്നിട്ടും എഫ്.ഐ.ആറില്‍ പേര് വിവരങ്ങൾ രേഖപ്പെടുത്തിയില്ല. മറ്റുള്ളവരുടെ ജീവന് ഭീഷണിയാകുംവിധം അലക്ഷ്യമായി വാഹനമോടിച്ചു എന്നതടക്കമുള്ള കുറ്റങ്ങളാണ് ചുമത്തിയത്.
അപകടത്തിൽ മാത്യു ജോണ്‍ (35) സഹോദരന്‍ ജിന്‍സ് ജോണ്‍ (30) എന്നിവര്‍ മരിച്ചത്. മണിമല ബിഎസ്എന്‍എല്‍ പടിക്ക് സമീപത്തുവച്ചായിരുന്നു അപകടം. സ്‌കൂട്ടര്‍ യാത്രികരായ ഇരുവരെയും പരിക്കുകളോടെ കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണപ്പെട്ടത്.
Post Your Comments