കോഴിക്കോട്: ഷാറൂഖ് സെയ്ഫിയുടെ മൊബൈല്‍ ഫോണ്‍ വിശദാംശങ്ങള്‍, സമൂഹമാദ്ധ്യമ ചാറ്റുകള്‍, ബാങ്ക് അക്കൗണ്ടിലേക്ക് എത്തിയ പണത്തിന്റെ വിശദാംശങ്ങള്‍ തുടങ്ങിയവയെല്ലാം സംശയകരമാണെന്ന് കേന്ദ്ര ഏജന്‍സികള്‍ വ്യക്തമാക്കുന്നു. ഇയാള്‍ നിരവധി സിം കാര്‍ഡുകള്‍ ഉപയോഗിച്ചിട്ടുള്ളതായും പോലീസ് കണ്ടെത്തി. ഡല്‍ഹിയിലേക്കും മുംബൈയിലേക്കും ഫോണ്‍ കോളുകള്‍ പോയിട്ടുണ്ട്. അവസാനം വിളിച്ച നമ്പരുകളെല്ലാം സ്വിച്ച് ഓഫ് ആയ നിലയിലാണ്.
ഷാറൂഖ് സെയ്ഫിയ്ക്ക് കേരളത്തില്‍ ആരുടെയൊക്കെയോ സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. രാവിലെ ഷൊര്‍ണൂരിലെത്തിയ ഷാറൂഖ് വൈകുന്നേരം 7.20 വരെ കേരളത്തില്‍ ചെലവഴിച്ചിട്ടുണ്ട്. ഈ സമയത്തെല്ലാം എവിടെ പോയി, എന്തൊക്കെയായിരുന്നു ചെയ്തത് തുടങ്ങിയ കാര്യങ്ങളില്‍ വ്യക്തത ലഭിക്കേണ്ടതുണ്ട്. ഇയാള്‍ പെട്രോള്‍ വാങ്ങാന്‍ പോയ ഓട്ടോ ഓടിച്ചിരുന്ന ഡ്രൈവറെ പോലീസ് കണ്ടെത്തിയിട്ടുണ്ട്. പമ്പിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.
ഇയാള്‍ എന്തിനാണ് കേരളം തന്നെ തിരഞ്ഞെടുത്തത്, ലോക്കല്‍ ട്രെയിന്‍ എന്തുകൊണ്ടാണ് തിരഞ്ഞെടുത്തത്, എലത്തൂരില്‍ വെച്ച് ആക്രമണം നടത്താന്‍ തീരുമാനിച്ചതിന് പിന്നിലെ കാരണം എന്നീ കാര്യങ്ങളിലാണ് പോലീസ് കൂടുതല്‍ വ്യക്തത തേടുന്നത്. പാലത്തിന് മുകളില്‍ വെച്ച് ആക്രമണം നടത്തിയത് ഡി1, ഡി2 കോച്ചിലെ മുഴുവന്‍ ആളുകളും കൊല്ലപ്പെടണം എന്ന് ഉദ്ദേശത്തോട് കൂടിയായിരുന്നു എന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. എലത്തൂരില്‍ ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെ ഡിപ്പോയുള്ളതിനാല്‍ തീ ആളിപ്പടര്‍ന്ന് വന്‍ദുരന്തമുണ്ടാകാന്‍ സാധ്യതയുണ്ട്. ഇതും അന്വേഷണസംഘം തളളിക്കളയുന്നില്ല.
Post Your Comments