മേടം ഒന്നിന് ആഘോഷിക്കുന്ന പ്രധാന ആഘോഷങ്ങളിൽ ഒന്നാണ് വിഷു. കേരളം, കർണാടകയിലെ തുളുനാട് പ്രദേശം, പോണ്ടിച്ചേരിയിലെ മാഹി ജില്ല, തമിഴ്നാട്ടിലെ ചില ജില്ലകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും വിഷു ആഘോഷിക്കുന്നത്. വിഷുവിന് ചെയ്യുന്ന കാര്യങ്ങളുടെ ഫലങ്ങൾ അടുത്ത ഒരു കൊല്ലക്കാലം നിലനിൽക്കുമെന്നാണ് വിശ്വാസം. വിഷുവിനെ സംബന്ധിച്ച് പ്രധാന രണ്ടു ഐതിഹ്യങ്ങളാണ് ഉള്ളത്. ഒന്ന് ശ്രീകൃഷ്ണനുമായി ബന്ധപ്പെട്ടതും, മറ്റൊന്ന് ശ്രീരാമനുമായി ബന്ധപ്പെട്ടതും. വിഷുക്കണിക്ക് ഭഗവാൻ ശ്രീകൃഷ്ണന് ഏറെ പ്രാധാന്യം ഉണ്ടായതിന് പിന്നിലെ കഥ അറിയാം.
ഭൂമിദേവിയുടെ പുത്രനും അഹങ്കാരിയുമായ നരകാസുരനെ ശ്രീകൃഷ്ണൻ വധിച്ച ദിവസമാണ് വിഷുവായി ആഘോഷിക്കുന്നതെന്ന ഐതിഹ്യമുണ്ട്. രാക്ഷസ രാജാവായിരുന്ന നരകാസുരൻ തിന്മയുടെ പ്രതീകമായിരുന്നു. സന്യാസിമാരെ മുതൽ സ്ത്രീകളെ വരെ ഉപദ്രവിച്ചിരുന്ന നരകാസുരനെ വധിക്കാൻ പലരും ശ്രമിച്ചെങ്കിലും പരാജയമായിരുന്നു ഫലം. അതിനിടയിൽ 16,000 രാജകുമാരിമാരെ നരകാസുരൻ തട്ടിക്കൊണ്ടു വരികയും, കൊട്ടാരത്തിലെ അന്തപുരത്തിൽ താമസിപ്പിക്കുകയും ചെയ്തു. ദുഷ്ട ചെയ്തികളിൽ അഭിരമിച്ച നരകാസുരൻ ദേവേന്ദ്രനെ വെല്ലുവിളിച്ചതോടെയാണ് യുദ്ധത്തിന് തുടക്കം കുറിക്കുന്നത്.
Also Read: പ്രതീക്ഷയുടെ മറ്റൊരു വിഷുക്കാലം കൂടി വരവായി: വിഷുക്കണിയൊരുക്കുന്നതിന്റെ പ്രധാന്യം
ദേവേന്ദ്രന്റെ മാതാവായ അതിഥിയുടെ കുണ്ഡലങ്ങളും ഇന്ദ്രന്റെ വെൺകൊറ്റ കുടയും മോഷ്ടിച്ചതിനെ ചൊല്ലിയാണ് യുദ്ധമുഖത്ത് ശ്രീകൃഷ്ണനും നരകാസുരനും നേർക്കുനേർ വന്നത്. ഭാര്യ സത്യഭാമക്കൊപ്പമാണ് ശ്രീകൃഷ്ണൻ ഗരുഡ വാഹനത്തിൽ നരകാസുര രാജധാനിയായ പ്രാഗജ്യോതിഷത്തിൽ എത്തിച്ചേർന്നത്. യുദ്ധത്തിനായി പ്രമുഖ സേന നായകന്മാരെയാണ് നരകാസുരൻ ആദ്യം കളത്തിൽ ഇറക്കിയത്. എന്നാൽ, അവരെയെല്ലാം നിമിഷ നേരങ്ങൾ കൊണ്ടാണ് ഭഗവാൻ കാലപുരിക്ക് അയച്ചത്.
സേന നായകന്മാർ ഓരോന്നായി ഇഹലോകം വെടിയുകയും, ഒടുവിൽ ശ്രീകൃഷ്ണനും നരകാസുരനുമായി നേരിട്ട് യുദ്ധം ചെയ്യുകയുമായിരുന്നു. യുദ്ധത്തിനൊടുവിൽ നരകാസുരനെ ശ്രീകൃഷ്ണൻ വധിച്ചു. ശേഷം അന്തപുരത്തിൽ തടവിലിട്ടിരുന്ന 16,000 രാജകുമാരിമാരെ മോചിപ്പിക്കുകയും, വിവാഹം ചെയ്തുവെന്നാണ് ഐതിഹ്യം. തിന്മയ്ക്കുമേൽ നന്മ നേടിയ വിജയമായാണ് നരകാസുരനിഗ്രഹത്തെ വിശേഷിപ്പിക്കുന്നത്. അതിനാൽ, വിഷുക്കണിയിൽ ഏറെ പ്രാധാന്യമാണ് ശ്രീകൃഷ്ണന് ഉള്ളത്.
Post Your Comments